പന്ന്യനെ വിളിച്ച് തരൂര്‍:തെറ്റിദ്ധാരണ മാറ്റാന്‍

ലോകസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ദിവസത്തില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശത്തില്‍ തെറ്റിദ്ധാരണ മാറ്റണമെന്നാവശ്യപ്പെട്ട് തരൂര്‍ പന്ന്യന്‍ രവീന്ദനെ ഫോണില് ബന്ധപ്പെട്ടു. പ്രചാരണ കാലത്തെ പരാമര്‍ശങ്ങളൊന്നും മനപൂര്‍വ്വമല്ലെന്നും തെറ്റിദ്ധാരണ ഒഴിവാക്കണമെന്നും തരൂര്‍ പന്ന്യനോട് ആവശ്യപ്പെട്ടു. ചില പരാമര്‍ശങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും ആരുമായും ശത്രുതയില്ലെന്നുമായിരുന്നു പന്ന്യന്റെ മറുപടി.

മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ്. ഇവിടെ പന്ന്യന് എന്തുകാര്യം, ജയിക്കുമെന്നൊക്കെ പറയാനുള്ള ധൈര്യം പന്ന്യന്‍ രവീന്ദ്രനുണ്ടായല്ലോ എന്നെല്ലാമുള്ള തരൂരിന്റെ പരാമര്‍ശങ്ങളാണ് പന്ന്യനെ വേദനിപ്പിച്ചത്. ഈ പ്രസ്താവനകള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെ രാഷ്ട്രീയ വിവാദമായി മാറി. വോട്ടെടുപ്പ് ദിവസത്തോട് അടുപ്പിച്ച് പന്ന്യനും ആഞ്ഞടിച്ചു. തനിക്ക് വല്ലാത്ത വിഷമമുണ്ടെന്നും പറയാതിരിക്കാനാവില്ലെന്നും ഓക്സ്ഫോഡില്‍ പഠിക്കുന്നത് മാത്രമാണോ കഴിവെന്നും പന്ന്യന്‍ ചോദിച്ചു.

തലസ്ഥാനം വിട്ട തരൂര്‍ ഒടുവില്‍ പന്ന്യന്‍ രവീന്ദ്രനെ ഫോണില്‍ വിളിക്കുകയായിരുന്നു. ഒന്നും മനപൂര്‍വ്വമായിരുന്നില്ലെന്നും പന്ന്യനോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും തരൂരിന്റെ ക്ഷമാപണം പോലെയുള്ള ഏറ്റുപറച്ചില്‍. വിമര്‍ശിച്ചത് സി.പി.ഐയെ ആണെന്നും സി.പി.ഐ എം.പിയെക്കാള്‍ കോണ്‍ഗ്രസ് എം.പിക്ക് പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം കിട്ടുമെന്ന നിലക്കായിരുന്നു പരാമര്‍ശമെന്നും തരൂരിന്റെ വിശദീകരണം. പ്രസ്ഥാനത്തെ കുറിച്ചായാലും അങ്ങനെ പറയരുതായിരുന്നുവെന്ന് പന്ന്യന്‍ തിരിച്ചു പറഞ്ഞു.