ഒമാന്റെ വിവിധ ഭാഗങ്ങളിലായി 5,000 റെസിഡൻഷ്യൽ യൂണിറ്റുകൾ വികസിപ്പിക്കുന്നതിനുള്ള ആറ് കരാറുകളിൽ ഒപ്പുവച്ചു. ഡിസൈൻ ആന്റ് കൺസ്ട്രക്ഷൻ വീക്കിന്റെ 18ാമത് പതിപ്പിനോട് അനുബന്ധിച്ച് നടന്ന മൂന്നാം റിയൽ എസ്റ്റേറ്റ് വികസന സമ്മേളനത്തിലാണ് കരാറുകൾ ഒപ്പുവെച്ചത്. തിങ്കളാഴ്ച ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററി (OCEC)ലാണ് സമ്മേളനം ആരംഭിച്ചത്.
ഒമാൻ റിയൽ എസ്റ്റേറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ഹൗസിംഗ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയമാണ് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും റിയൽ എസ്റ്റേറ്റ് വികസന മേഖലയിൽ താൽപ്പര്യമുള്ളവരും പങ്കെടുക്കുന്ന ആഗോള പരിപാടിയാണിത്.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ഒഐഎ) ചെയർമാൻ അബ്ദുസലാം മുഹമ്മദ് അൽ മുർഷിദിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ‘ഇന്റഗ്രേറ്റഡ് റെസിഡൻഷ്യൽ പ്ലാനുകളും അയൽപക്ക പദ്ധതികളും’ എന്ന തലക്കെട്ടിലാണ് സമ്മേളനത്തിൽ ആറ് പങ്കാളിത്ത-വികസന കരാറുകൾ ഒപ്പുവച്ചത്. മൊത്തം 3.3 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണം ഉൾക്കൊള്ളുന്നതാണ് പദ്ധതി. 333 ദശലക്ഷം ഒമാനി റിയാലാണ് അവയുടെ നിക്ഷേപ മൂല്യം.