2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. ഫലപ്രഖ്യാപനം മെയ് 8 ന് 3.00 മണിക്ക് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. ഇക്കൊല്ലം എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത് ആകെ നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് (4,27,105) വിദ്യാർത്ഥികളാണ്.
ഇതിൽ രണ്ട് ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ്റി ഇരുപത്തിയഞ്ച് (2,17,525) ആൺകുട്ടികളും രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തി അഞ്ഞൂറ്റി എൺപത് (2,09,580) പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി പതിനായിരത്തി എണ്ണൂറ്റി അറുപത്തി മൂന്ന് (10,863) അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണ്ണയം പൂർത്തിയാക്കി. ടാബുലേഷൻ, ഗ്രേസ് മാർക്ക് എൻട്രി, എന്നിവ പരീക്ഷാ ഭവനിൽ പൂർത്തിയാക്കി ഫലപ്രഖ്യാപനത്തിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
ഹയർ സെക്കണ്ടറി
2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനം മെയ് 9 വ്യാഴാഴ്ച നടത്തും. കഴിഞ്ഞ വർഷം മെയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് കൃത്യമായ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും ഫലമായാണ്. ആകെ നാല് ലക്ഷത്തി നാൽപത്തിയൊന്നായിരത്തി ഒരുന്നൂറ്റി ഇരുപത് (4,41,120) വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ രണ്ട് ലക്ഷത്തി ഇരുപത്തി മൂവായിരത്തി എഴുന്നൂറ്റി മുപ്പത്തിയാറ് (2,23,736) ആൺകുട്ടികളും രണ്ട് ലക്ഷത്തി പതിനേഴായിരത്തി മുന്നൂറ്റി എൺപത്തി നാല് (2,17,384) പെൺകുട്ടികളും ഉൾപ്പെടുന്നു.
ഏപ്രിൽ 3 മുതൽ 24-ാം തീയതി വരെയാണ് മൂല്യനിർണ്ണയം നടന്നത്.
പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയത്തിൽ മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.
വൊക്കേഷണൽ ഹയർ സെക്കണ്ടറി
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9 ന് നടത്തും. റഗുലർ വിഭാഗത്തിൽ ഇരുപത്തി ഏഴായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (27,798) പ്രൈവറ്റ് വിഭാഗത്തിൽ ആയിരത്തി അഞ്ഞൂറ്റി രണ്ട് (1,502) ഉൾപ്പെടെ ആകെ ഇരുപത്തിയൊമ്പതിനായിരത്തി മുന്നൂറ് (29,300) പേരാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ പതിനെട്ടായിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി ഏഴ് (18,297) ആൺകുട്ടികളും പതിനൊന്നായിരത്തി മൂന്ന് (11,003) പെൺകുട്ടികളും ഉൾപ്പെടുന്നു.
എട്ട് ക്യാമ്പുകളിലായി രണ്ടായിരത്തി ഇരുന്നൂറോളം അധ്യാപകരാണ് മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു.
ആർട്ടിഫീഷ്യൽ ഇന്റലിജൻസ് പരിശീലനം
ഇന്ത്യയിലെ ആദ്യത്തേതും ബൃഹത്തായതുമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധ്യാപക പരിശീലനം കേരളത്തിൽ തുടക്കമായി.
ഇതിന്റെ മൊഡ്യൂൾ കഴിഞ്ഞ ദിവസം മൂന്നാറിൽ ഞാൻ പ്രകാശനം ചെയ്തു. മെയ് 2 മുതൽ ആഗസ്റ്റ് 31 വരെ നീണ്ടു നിൽക്കുന്ന ഈ പരിശീലനത്തിൽ എൺപതിനായിരം അധ്യാപകർ പങ്കെടുക്കും. ഓരോ അധ്യാപകർക്കും ഇന്റർനെറ്റ് സംവിധാനമുള്ള ലാപ്‌ടോപ്പും മൊബൈൽ ഫോണും ഉപയോഗിച്ച് പ്രായോഗിക പരിശീലനമാണ് നൽകുന്നത്. എ.ഐ. സാധ്യതകൾ പരിചയപ്പെടുത്തുന്നതോടൊപ്പം തന്നെ അവയുടെ പരിമിതികളും ഡീപ്പ് ഫെയ്ക്, സ്വകാര്യത പ്രശ്‌നം തുടങ്ങിയ മേഖലകളിലും അധ്യാപകർക്ക് ഈ പരിശീലനത്തിലൂടെ ബോധവൽക്കരണം നടത്തും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ അവയുടെ അക്കാദമിക മൂല്യം നഷ്ടപ്പെടാതെ ക്ലാസ് മുറികളിൽ പ്രയോഗിക്കാൻ അധ്യാപകരെ പ്രാപ്തരാക്കുകയാണ് പരിശീലനം കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്. ആദ്യ ഘട്ടത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ അധ്യാപകരെയും പരിശീലിപ്പിക്കും. രണ്ടാം ഘട്ടത്തിൽ പ്രൈമറി മേഖലയിലേക്കും അപ്പർ പ്രൈമറി മേഖലിലേയ്ക്കും പരിശീലനം വ്യാപിപ്പിക്കും. ഡിസംബർ 31 ഓടു കൂടി കേരളത്തിലെ മുഴുവൻ അധ്യാപകർക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രായോഗിക പരിശീലനം നൽകി മറ്റൊരു കേരള മാതൃക രാജ്യത്തിന് മുന്നിൽ കാഴ്ച വെയ്ക്കും.
കേരള മഹിളാ സമഖ്യ
കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ ആറാമത് ജനറൽ കൗൺസിൽ യോഗം ഇന്ന് ചേർന്നിരുന്നു. കേരളത്തിലെ നൂറ്റിയൊന്ന് പഞ്ചായത്തുകളിൽ മഹിളാ സമഖ്യ പ്രവർത്തിക്കുന്നുണ്ട്. വിവിധ രീതിയിലുള്ള അതിക്രമങ്ങൾ നേരിട്ട് സ്വന്തം വീടുകളിൽ താമസിക്കാൻ സാഹചര്യമില്ലാത്ത പതിനെട്ട് വയസ്സിന് താഴെയുള്ള പെൺകുട്ടികൾ മഹിളാ സമഖ്യ ശിക്ഷൺ കേന്ദ്രങ്ങളിൽ താമസിച്ചാണ് വിദ്യാഭ്യാസം നേടുന്നത്.
മഹിളാ സമഖ്യ വിദ്യാഭ്യാസ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഠനത്തിൽ നിന്ന് വിട്ട് നിന്ന മൂവായിരത്തി ഇരുപത് പേർക്ക് വിദ്യാഭ്യാസ തുടർച്ചയ്ക്ക് പിന്തുണ നൽകാൻ മഹിളാ സമഖ്യയ്ക്ക് ആയിട്ടുണ്ട്. ഇതിൽ ഒരാൾ എൽ.എൽ.ബി. കോഴ്‌സാണ് പഠിച്ചത്. വയനാട് ജില്ലയിൽ മാത്രം അഞ്ഞൂറ്റി അറുപത്തിയാറ് പേർക്കാണ് പഠനപിന്തുണ നൽകിയത്.
*തൊഴിലിടങ്ങളിലെ ജോലി സമയ
ക്രമീകരണം*
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയ ക്രമീകരണം മെയ് 15 വരെ നീട്ടി. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾ വെയിലത്ത് പണിയെടുക്കുന്നത് കണ്ടെത്തിയാൽ തൊഴിലുടമയ്ക്ക് എതിരെ കർശന നടപടി സ്വീകരിക്കും. സംസ്ഥാനത്ത് മുഴുവൻ തൊഴിലിടങ്ങളിലും കർശന പരിശോധന നടത്തി നടപടി സ്വീകരിക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നാളെ മെയ്ദിനമായതിനാല്‍ എല്ലാ തൊഴിലാളികള്‍ക്കും മന്ത്രിവക ആംസകളും നേര്‍ന്നു.