പുരാണകഥകളിലൊക്കെ പറയപ്പെടുന്ന ആ പാതാളലോകം ശരിക്കും ഇന്ത്യയിലുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കാനാകുമോ… വിശ്വസിച്ചാലും ഇല്ലെങ്കിലും ഭൂമിക്കടിയിൽ 3,000 അടി താഴ്ചയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമം നമ്മുടെ രാജ്യത്തുണ്ട്; മധ്യപ്രദേശിൽ സ്ഥിതി ചെയ്യുന്ന ആ അപൂർവഗ്രാമത്തിന്റെ പേര് ‘പാതാൾകോട്ട്’! മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമാണ് മധ്യ പ്രദേശിലെ ചിന്ദ്വാര ജില്ല. ഓറഞ്ച് കൃഷിക്കും , പരുത്തി കൃഷിക്കും പേര് കേട്ട ചിന്ദ്വാര ജില്ല ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് പാതാൾകോട്ട് എന്ന സ്ഥലത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നതോട് കൂടിയാണ് . ഇന്ത്യയുടെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പർവതനിരയായ സത്പുരയുടെ ഭാഗമായാണ് വനനിബിഡമായ പാതാൾകോട്ട് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും വനമേഖലയായ ചിന്ദ്വാര ജില്ലയെ നാലു വനപ്രദേശങ്ങളായിട്ടാണ് തിരിച്ചിട്ടുള്ളത് .
അതിൽ താമിയ പ്രദേശത്താണ് പാതാൾകോട്ട് സ്ഥിതി ചെയ്യുന്നത് . ഗോൻഡ്‌സ് , ഭാരിയ എന്ന നാമത്തിൽ അറിയപ്പെടുന്ന ആദിവാസി ഗോത്രത്തിൽ പെട്ടവരാണ് ഇവിടെയുള്ള പ്രദേശവാസികൾ . കുതിരലാടത്തിന്റെ ആകൃതിയിൽ ഉള്ള പ്രദേശം വലിയ മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു .മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽനിന്ന് 250 കി.മീറ്റർ സഞ്ചരിച്ചുവേണം ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായ പാതാൾകോട്ടിലെത്താൻ. സംസ്കൃതത്തിൽ വളരെ താഴ്ചയുള്ള എന്ന അർത്ഥം വരുന്ന “പാതാളം ” എന്ന വാക്കിൽ നിന്നാണ് ഈ പ്രദേശത്തിന് പാതാൾകോട്ട് എന്ന പേര് ലഭിച്ചത് . പുരാണങ്ങളിലെ ഐതിഹ്യം അനുസരിച്ചു ലങ്കാധിപതിയായ രാവണന്റെ പുത്രൻ മേഘനാഥൻ , പരമശിവനെ വന്ദിച്ചതിനു ശേഷം പാതാള ലോകത്തേക്ക് പോയത് ഈ വഴിയാണ് എന്ന് പറയപ്പെടുന്നു
സർക്കാർ കണക്കുപ്രകാരം 21 ഗ്രാമങ്ങളാണ് പാതാൾകോട്ടിലുള്ളത്. എന്നാൽ, ഇതിൽ പന്ത്രണ്ടിടത്ത് മാത്രമേ ജനവാസമുള്ളൂ. ചെറിയ കുടിലുകളിൽ കഴിയുന്ന ഇവരിൽ ഭൂരിഭാഗവും ഗോണ്ട് ആദിവാസി ഗോത്രവിഭാഗത്തിന്റെ ഭാഗമായ ഭുരിയക്കാരാണ്. ഏകദേശം 7,000ത്തോളം വരും ഇവരുടെ ജനസംഖ്യ എന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. പതിനെട്ട് പത്തൊൻപത് നൂറ്റാണ്ടുകളിൽ ഇവിടം ഭരിച്ചിരുന്ന രാജാക്കന്മാർ, ഹോഷംഗാബാദ് ജില്ലയിലെ ‘പച്മരി’ എന്ന സ്ഥലവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന നീളമുള്ള തുരങ്കംനിർമ്മിച്ചിട്ടുള്ളതായി കാണപ്പെടുന്നു. വനത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന, വനത്തിനും താഴ്ഭാഗത്തായി സ്ഥതി ചെയ്യുന്ന പ്രദേശമായതിനാൽ ഈ ഗ്രാമത്തിൽ സൂര്യവെളിച്ചം തന്നെ എത്തിനോക്കാറില്ല. വനത്തിൽ വളരുന്ന സസ്യങ്ങൾ കൊണ്ട് ഫലപ്രദമായ ചികിത്സാരീതികൾ അറിയാവുന്നവരാണ് ഗോൻഡ്‌സ്, ഭാരിയസ് വിഭാഗക്കാർ. കാടിന് അകത്തു വളരെയധികം ഉൾഭാഗത്തേക്കായി സ്ഥിതി ചെയ്തിരുന്ന ഈ സ്ഥലത്തിന് പുറംലോകവുമായി യാതൊരു ബന്ധവും അടുത്തകാലം വരെയുണ്ടായിരുന്നില്ല.
മുഴുസമയം ഇരുട്ട് മൂടിക്കെട്ടിക്കിടക്കുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെയുള്ളത്. എന്നാൽ, ഏതാനും വർഷങ്ങൾക്കുമുൻപ് ഇവരിൽ ചിലർ പർവതത്തിന്റെ ഉയർന്നപ്രദേശങ്ങളിലേക്ക് താമസംമാറ്റിത്തുടങ്ങി. അവിടെ കുടിൽകെട്ടി സ്ഥിരംതാമസമുറപ്പിച്ചു. അവിടെയും ദിവസം നാലോ അഞ്ചോ മണിക്കൂർ മാത്രമാണ് സൂര്യവെളിച്ചം ലഭിക്കുക. കാട്ടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണവും, മരുന്നും, വീടുകൾ കെട്ടാനും അറിയാവുന്ന ഇവിടത്തെ ഗോത്രവിഭാഗക്കാർ , പരസ്പരം സഹായിച്ചും താങ്ങുമായാണ് ജീവിച്ചു പോരുന്നത്. ഇവിടെയുള്ള അപൂർവ സസ്യ സമ്പത്തിനെ കുറിച്ചറിഞ്ഞതോടെ ചൂഷണവും ആരംഭിച്ചിരിക്കുന്നു . ഇവിടത്തെ ഗോത്രവിഭാഗക്കാർക്ക് തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് നിരവധി വിശ്വാസങ്ങളുണ്ട്. പുരാണങ്ങളിലൊക്കെ വിവരിക്കപ്പെടുന്ന യഥാർത്ഥ പാതാളം ഇവിടെത്തന്നെയാണെന്നാണ് ഇവരുടെ പ്രധാന വിശ്വാസം. രാമായണത്തിലെ കഥാനായികയായ സീത സ്വന്തം നിരപരാധിത്വം തെളിയിക്കാനായി ഭൂമിയെ നെടുകെപ്പിളർത്തി അന്തർധാനം ചെയ്തത് ഇവിടെയായിരുന്നുവെന്നാണ് ഇവർ വിശ്വസിക്കുന്നത്. രാവണൻ ശ്രീരാമനെയും ലക്ഷ്മണനെയും പാതാളത്തിലേക്ക് താഴ്ത്തുന്ന ഒരു ഐതിഹ്യവുമുണ്ട്.
ഇതുപ്രകാരം, രാമനെയും ലക്ഷ്ണമനെയും രക്ഷിക്കാൻ പാതാളത്തിലേക്ക് ഹനുമാൻ പ്രവേശിച്ചത് ഇതുവഴിയായിരുന്നുവെന്നും ഇവിടത്തുകാർ വിശ്വസിക്കുന്നു.പാതാളത്തിലേക്ക് കടക്കാനുള്ള ഏകകവാടമായും ഇവർ നാടിനെക്കുറിച്ച് പറയുന്നുണ്ട്. നരകകവാടത്തിന്റെ പുറംലോകത്തുള്ളവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കാറുമില്ല ഇവർ. അസെറേസി വർഗ്ഗത്തിൽ പെട്ട തൊള്ളായിരം ഇനത്തിൽ പെട്ട സസ്യങ്ങളുടെ അപൂർവ്വശേഖരം ഈ പ്രദേശങ്ങളിൽ വളരുന്നു . കൂടാതെ മറ്റനേകം ഔഷധസസ്യങ്ങളും ഈ വനപ്രദേശത്തു ലഭ്യമാണ് ആരുമറിയാതെക്കിടന്ന ഈ ‘പാതാളലോകം’ കോവിഡ് കാലത്താണ് കൂടുതല്‍ വാര്‍ത്തകളില്‍ നിറയുന്നത്.