പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരുപാട് മനോഹര കാഴ്ചകളുണ്ട് നമ്മുടെ ഭൂമിയിൽ. അതിൽ ഏതൊരു സഞ്ചാരികൾക്കും മനോഹര വിരുന്നൊരുക്കുന്ന ഇടങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽ തന്നെയാണ്. ഹിന്ദുപുരാണങ്ങളില്‍ നമ്മള്‍ വായിച്ചിട്ടുള സപ്തര്‍ഷികളിലൊരാളായ അഗസ്ത്യമുനി തപസ്സനുഷ്ഠിച്ച മലനിരകളാണ് അഗസ്ത്യാര്‍കൂടം. എന്നാൽ അതുപോലെ പ്രാധാന്യമുള്ള മറ്റൊരു മല കൂടിയുണ്ട് , അഗസ്ത്യരുടെ പേരിൽ കാളിപ്പാറ. നെയ്യാര്‍ ഡാമില്‍ നിന്ന് മിനിട്ടുകള്‍ക്കുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന കാളിപ്പാറയിലെ ലോകാംബിക ക്ഷേത്രവും പരിസരവും ആരുടെയും മനംമയക്കും. സമുദ്രനിരപ്പില്‍ നിന്നും ഏകദേശം 3000 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേയ്ക്ക് എത്തിപ്പെടുകയെന്നത് ക്ലേശകരമാണ്.
ക്ഷേത്രത്തിലേയ്ക്ക് പാറകളില്‍ കൂടി വേണം സഞ്ചരിക്കാന്‍. വാഹനം താഴെ പാര്‍ക്ക് ചെയ്ത് കാല്‍നടയായി യാത്ര തുടരാം. കയറ്റം ആരംഭിക്കുന്നിടത്ത് പാറയ്ക്ക് നടുവിലൂടെ പിടിച്ച് കയറാന്‍ കൈവരി സ്ഥാപിച്ചിട്ടുണ്ട്. കുറച്ച് ദൂരം കയറിയാല്‍ വിശ്രമിക്കാന്‍ അനുയോജ്യമായ, നെയ്യാര്‍ ഡാം കാണാന്‍ സാധിക്കുന്ന ഒരു പോയിന്റില്‍ എത്തും. ഇവിടെ നിന്നും വീണ്ടും മുകളിലേയ്ക്ക് കയറാനായി പാറയില്‍ തന്നെ പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയ്ക്ക് താഴെയായി മറ്റൊരു പാറയുണ്ട്. അവിടെ കയറിനിന്നാല്‍ കാണുന്ന കാഴ്ചകള്‍ നല്‍കുന്ന അനുഭവം വര്‍ണനാതീതമാണ്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറയില്‍ എത്തിയാല്‍ പശ്ചിമഘട്ടത്തിന്റെ കാഴ്ചകളും പല പല രൂപങ്ങള്‍ തീര്‍ക്കുന്ന സഹ്യാദ്രിമലനിരകളെയും കാണാം.
മണ്ഡലകാലത്ത് രാവിലെയും ഞായറാഴ്ചകളില്‍ വൈകുന്നേരവും മാത്രമാണ് ക്ഷേത്രനട തുറക്കുക. ജനുവരി മാസത്തിലാണ് ഉത്സവം. കാളിപ്പാറ ക്ഷേത്രത്തിന് സമീപം കാണുന്ന കുളത്തിന് സമീപമാണ് ആദ്യകാലങ്ങളില്‍ പ്രതിഷ്ഠ ഉണ്ടായിരുന്നത്. അഗസ്ത്യമുനിയുടെ കാലത്താണ് പ്രതിഷ്ഠ നടത്തിയതെന്ന് പഴമക്കാര്‍ പറയുന്നു. വടക്ക് നിന്നും തെക്ക് ഭാഗത്തേയ്ക്ക് അഗസ്ത്യാര്‍കൂടം ലക്ഷ്യമാക്കി അഗസ്ത്യമുനി വരുന്ന വഴിയ്ക്ക് ഇവിടെ ദേവിയുടെ ചൈതന്യം തിരിച്ചറിഞ്ഞെന്നും ദേവിയെ കുടിയിരുത്തിയെന്നുമാണ് വിശ്വാസം. അഗസ്ത്യമുനി വന്നു എന്നും തപസ് അനുഷ്ഠിച്ചെന്നും വിശ്വസിക്കുന്ന ഗുഹ കാളിപ്പാറയുടെ താഴെ കാണാം. അഗസ്ത്യമുനി അഗസത്യാര്‍കൂടത്തിലേയ്ക്ക് പോയതോടെ ക്ഷേത്രത്തില്‍ വനവാസി സമൂഹത്തിന്റെ ആരാധനാരീതിയാണ് ഉണ്ടായിരുന്നത്. നെയ്യാര്‍ ഡാമിന്റെ വരവോടെ മേഖലയിലേയ്ക്ക് ജനവാസം എത്തിത്തുടങ്ങി. ഇതോടെ വനവാസി സമൂഹം വനങ്ങളിലേയ്ക്ക് മാറിത്തുടങ്ങിയിരുന്നു.
വടക്ക് മനോഹരമായ നെയ്യാര്‍ ഡാം, തെക്ക് സുന്ദരിയായ പ്രകൃതിയുടെ പച്ചപ്പ്, അങ്ങിങ്ങായി ഇടതടവിട്ട് തല ഉയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങള്‍, അങ്ങ് ദൂരെ ഒരു നേര്‍ത്ത വരപോലെ വെള്ളച്ചാട്ടം. അതിന് മുകളിലായി പ്രഢഗംഭീരമായി നിലനില്‍ക്കുന്ന അഗസ്ത്യാര്‍കൂടം. ഇതാണ് കാളിപ്പാറയില്‍ നിന്നുള്ള മനോഹര ദൃശ്യങ്ങള്‍. സൂര്യോദയവും അസ്തമയവും കാണാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കാളിപ്പാറ.