സഞ്ചാര പ്രേമികൾ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് ഇടുക്കി ജില്ലയിലെ രാമക്കൽമേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽമേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം. പേര് കേൾക്കുമ്പോൾ ഉണ്ടാകുന്ന കൗതുകം പേരിന് പിന്നിലെ ഐതിഹ്യം കേൾക്കുമ്പോഴേക്കും ഇരട്ടിച്ചേക്കും. രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീലങ്കയിലേക്കുള്ള യാത്രാമദ്ധ്യേ ശ്രീരാമൻ ഇവിടെ ഇരുന്നുവെന്നാണ് പഴമക്കാർ പറയുന്നത്. ശ്രീരാമൻ ചവിട്ടിയ രാമപാദം പതിഞ്ഞ കല്ലാണ് രാമക്കല്ല്. അതിൽ നിന്നാണ് രാമക്കൽ മേട് എന്ന പേര് വന്നത്.
പച്ച നിറമാർന്ന മലനിരയും കുന്നുകളും ശുദ്ധമായ കാലാവസ്ഥയും തണുത്ത കാറ്റുമൊക്കെയാണ് രാമക്കൽമേടിനെ സഞ്ചാരികളെ ആകർഷിക്കുന്നത്. ഏറ്റവുമധികം കാറ്റ് ലഭിക്കുന്ന സ്ഥലം കൂടിയാണിത്. നീണ്ടു കിടക്കുന്ന പച്ചപ്പിനെ ഓരോ നിമിഷത്തിലും തൊട്ടുണർത്തി കൊണ്ടേയിരിക്കുന്നതുപോലെയാണ് ഇവിടെ കാറ്റ് വീശുക. കുറവനും കുറത്തിയും മലയാണ് മറ്റൊരു ആകർഷണീയത. രാമക്കൽമേട്ടിൽ എത്തിച്ചേരുന്ന സഞ്ചാരികളെ ആകർഷിപ്പിക്കുന്ന മറ്റൊന്നാണ് സദാ കറങ്ങിക്കൊണ്ടിരിക്കുന്ന കൂറ്റൻ കാറ്റാടികൾ. മണിക്കൂറിൽ 35.5 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാറുള്ള ഇവിടെ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാറുണ്ട്.
കേരളത്തിനെയും തമിഴ്‌നാടിനെയും തമ്മില്‍ വേര്‍തിരിക്കുന്ന രാമക്കല്‍മേട്ടില്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നും 15 കിലോമീറ്റര്‍ യാത്ര ചെയ്ത് എത്താനാകും . തമിഴ്നാട്ടിലെ ചുവന്ന മണ്ണും പച്ചപ്പും കൃഷിയിടങ്ങളും കുന്നുകളും ഒരു പെയിന്‍റിംഗ് കാണുന്ന പ്രതീതിയാണ് നല്‍കുന്നത്. ശക്തമായി വീശിയടിക്കുന്ന കാറ്റ് അകമ്പടി സേവിക്കുന്ന ഈ പ്രദേശത്ത് എത്തുന്ന സഞ്ചാരികളെ കോടമഞ്ഞ് പുതപ്പിക്കും. ഏറെ ഉയരത്തില്‍ ആണെങ്കിലും തണുത്ത കാറ്റിനൊപ്പം വീശുന്ന കോടമഞ്ഞ് തമിഴ്‌നാടിന്‍റെ സൌന്ദര്യം ചിലപ്പോള്‍ നിങ്ങള്‍ക്ക് മുന്നില്‍ അപ്രത്യക്ഷമാക്കിയേക്കാനും മതി. മഞ്ഞും കാറ്റും മലനിരയും പ്രകൃതി സൌന്ദര്യവും കൌതുകം വിതയ്‌ക്കുന്ന രാമക്കല്‍ മേട്ടിലെ മറ്റൊരു സൗന്ദര്യക്കാഴ്ച ഇവിടത്തെ സൂര്യാസ്തമയമാണ്.