ജിദ്ദ ∙ എയർ ഇന്ത്യയുടെ അനാസ്ഥയിൽ പ്രവാസി മലയാളിയുടെ മൃതദേഹം സമയത്ത് നാട്ടിലെത്താതിനാൽ സംസ്കാരം മുടങ്ങി. കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച കൊല്ലം സ്വദേശി കൽതുരുട്ടി, കൊട്ടാരം പുറമ്പോക്കിൽ, സുധീർ അബുബക്കറിന്റെ (43) മൃതദേഹമാണ് മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ കയറ്റിവിടാത്തതിനെ തുടർന്ന് സംസ്കാരം മാറ്റി വയ്ക്കേണ്ടി വന്നത്. സൗദിയിൽ നിന്നും മൃതദേഹത്തെ അനുഗമിച്ചിരുന്ന സഹോദരനെ അതേ വിമാനത്തിൽ കയറ്റി വിടുകയും ചെയ്തു.
തിരുവനന്തപുരത്ത് ഇറങ്ങികഴിഞ്ഞ് വിവരം തിരക്കുമ്പോഴാണ് വിമാനത്തിൽ മൃതദേഹം എത്തിയിട്ടില്ലെന്ന വിവരം അധികൃതർ അറിയിക്കുന്നത്. മുംബൈയിൽ നിന്നും പുറപ്പെടുമ്പോൾ മൃതദേഹം ഇതേ വിമാനത്തിൽ ഒപ്പമുണ്ടെന്ന് ജീവനക്കാർ ആവർത്തിച്ചിരുന്നതായി സഹോദരൻ സുബൈർ പറഞ്ഞു. ഇന്ന് കാലത്ത് 8 മണിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിച്ചേരുന്ന മൃതദേഹം ഏറ്റുവാങ്ങി ഇന്നു തന്നെ മൃതദേഹം സംസ്കാരിക്കാനുള്ള തയാറെടുപ്പിലായിരുന്നു ബന്ധുക്കൾ.
ഇതോടെ കുടുംബം ആശങ്കയിലും മാനസീക സംഘർഷത്തിലുമായി. വിവരം തിരക്കിയപ്പോൾ സങ്കേതിക തകരാറെന്ന പതിവ് കാരണമാണ് മറുപടിയായി ലഭിച്ചത്. ഇന്ന് രാത്രിയോടെ എത്തുന്ന വിമാനത്തിൽ മൃതദേഹം ഉണ്ടാകുമെന്നുള്ള അറിയിപ്പാണ് നൽകിയത്. എന്നാൽ ബന്ധപ്പെടേണ്ട ഫോൺ നമ്പരിൽ വിവരം നേരത്തെ അറിയിച്ചിരുന്നുവെന്നും എയർ ഇന്ത്യ അധികൃതർ പറയുന്നു.
വളരെ വേഗത്തിൽ സൗദിയിൽ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം കയറ്റി അയക്കാനായെങ്കിലും ഒരു സാധാരണ കാർഗോ കൈകാര്യം ചെയ്യുന്ന ലാഘവത്തിൽ മുംബൈയിലെ വിമാനത്താവളത്തിൽ കാണിച്ച അവഗണനയാണ് ഇതിനുകാരണമെന്ന് പ്രവാസി സാമൂഹിക പ്രവർത്തകർ പ്രതികരിച്ചു.