ആധുനിക വാസ്തുശൈലിക്ക് ഒരദ്ഭുതം തന്നെയാണ് ഏകദേശം 1500 വർഷങ്ങളുടെ പഴക്കമുള്ള ഹാങ്ങിങ് ടെംപിൾ. ചൈനയിലെ ഷാങ്ക്സി പ്രവിശ്യയിലെ ഹെങ് മലനിരകളിലെ കിഴുക്കാംതൂക്കായ മലഞ്ചെരിവിലാണ് ടെംപിൾ നിർമിച്ചിരിക്കുന്നത്. മരത്തിന്റെ ഒരു തൂണുപോലുമില്ലാതെയുള്ള നിർമാണം, ആശ്ചര്യം ജനിപ്പിക്കുക തന്നെ ചെയ്യും. പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള 40 മുറികൾ ഈ ടെംപിളിലുണ്ട്. പാറക്കെട്ടുകളിൽ ദ്വാരങ്ങളുണ്ടാക്കിയാണ് ഹാങ്ങിങ് ടെംപിൾ നിർമിച്ചിരിക്കുന്നത്. ബുദ്ധമതം, താവോയിസം, കൺഫ്യൂഷ്യനിസം എന്നീ മൂന്ന് മതങ്ങൾക്ക് സമർപ്പിച്ചിരിക്കുന്ന നിലവിലുള്ള ഒരേയൊരു ക്ഷേത്രമാണിത്. മൂന്ന് മതങ്ങളിലെയും സന്യാസിമാരെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നത് വളരെ അപൂർവമാണ്. ചരിത്രത്തിലെ രാജവംശങ്ങളുടെ ഭീഷണികളെ അതിജീവിക്കാൻ ഈ ക്ഷേത്രത്തിന് കഴിയുന്നതും ഇതുകൊണ്ട് തന്നെയാണ്.
വടക്കൻ വെയ് രാജവംശത്തിന്റെ അവസാന കാലത്താണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ക്ഷേത്രം മുഴുവനും ക്യൂപ്പിംഗ് കൊടുമുടിയുടെ മുകളിലായി ഭൂമിയിൽ നിന്ന് 50 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത് . ടൈംസ് മാഗസിൻ 2010-ൽ ഈ ക്ഷേത്രത്തെ മികച്ച 10 തനത് വാസ്തുവിദ്യകളിൽ ഒന്നായി തിരഞ്ഞെടുത്തിരുന്നു . യഥാർത്ഥത്തിൽ ക്ഷേത്രത്തെ താങ്ങി നിർത്തുന്നത് പാറയുടെ വശത്ത് ആഴത്തിൽ ഘടിപ്പിച്ച 27 മേൽപ്പാലങ്ങളാണ്. ഹാംഗിംഗ് ടെമ്പിളിന്റെ രൂപകല്പനയും അതിനായി ഈ സ്ഥലം തിരഞ്ഞെടുത്തതും അതിന്റെ സംരക്ഷണത്തിനുള്ള മറ്റൊരു പ്രധാന കാരണമാണ്. മലഞ്ചെരിവിന്റെ അകത്തെ കോൺകേവിലാണ് ഇത് സ്ഥിതിചെയ്യുന്നത്, നീണ്ടുനിൽക്കുന്ന ഭാഗം ഒരു കുട പോലെയാണ്, ഇത് ക്ഷേത്രത്തെ മഴയുടെയും വീഴുന്ന പാറകളുടെയും ആഘാതത്തിൽ നിന്ന് മുക്തമാക്കുന്നു. ഉയർന്ന സ്ഥാനത്തായതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകുന്നു.
32 മീറ്റർ നീളമുള്ള ഈ ക്ഷേത്രത്തെ മൂന്ന് ഭാഗങ്ങളായി തിരിക്കാം. തെക്ക് ഭാഗത്ത് ആകെ മൂന്ന് നിലകളുണ്ട്, ഇതിന് ഏകദേശം 8 മീറ്റർ നീളവും 4 മീറ്റർ വീതിയും ഉണ്ട്. ചുൻയാങ് കൊട്ടാരം, സാംഗുവാൻ ഹാൾ, ലെയിൻ ഹാൾ എന്നിവയാണ് ഇവിടെയുള്ളത്. ലെയ്യിൻ ഹാൾ ഒരു ബുദ്ധമത ഹാളാണ്, ഇത് തെക്ക് ഭാഗത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. “ലെയിൻ” എന്നതിന്റെ അർത്ഥം തന്നെ “ഇടിയുടെ ശബ്ദം” എന്നാണ്. വടക്കൻ ഭാഗം ഏകദേശം 7 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ളതാണ്. വുഫോ ഹാൾ, ഗുവാൻയിൻ ഹാൾ, സാൻജിയാവോ ഹാൾ എന്നിവയാണ് ഇവിടെയുള്ളത് .മൂന്ന് ഹാളുകളിൽ ഏറ്റവും താഴ്ന്ന ഹാളാണ് വുഫോ ഹാൾ,ഗുവാൻയിൻ ഹാൾ മധ്യഭാഗത്താണ്, സഞ്ജിയാവോ ഹാൾ മുകളിലും .ഏപ്രിൽ മുതൽ ഒക്ടോബർ വരെയാണ് ഇവിടേയ്ക്ക് യാത്ര ചെയ്യാൻ മികച്ച സമയം.