ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13–ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി. ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 27–ാം തീയതി ഇന്ത്യൻ സമയം വൈകീട്ട് ഏഴരക്ക് യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക് ചെറുകാടിന്റെ കുറിവരച്ചാലും കുരിശുവരച്ചാലും, കുമ്പിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന്, കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവം ഒന്ന് എന്ന് തുടങ്ങുന്ന മതസൗഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ് ആരംഭിച്ചത്.
വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ കേരള മുസ്ലീം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ പാണക്കാടു സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയും ആത്മീയഗുരുവും, പ്രശസ്ത സാമൂഹ്യപ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപസിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ ചെയർമാൻ ഗോപാലപിള്ളെ, യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്, ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ളോബൽ റീജിയൻ ഭാരവാഹികൾ ദീപം തെളിച്ചു മത സൗഹൃദ സന്ദേശം പകർന്നു. അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം വെർച്ചൽ പ്ളാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ബഹുവിശ്വാസി സമൂഹമായ ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് സർവ്വമത പ്രാർത്ഥനയിലൂടെയാണെന്നും അതുപോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്റേയും സഹജീവിതത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ് വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൻ ഈസ്റ്റർ, ഈദ്, വിഷു ആഘോഷത്തിൽ, മത സൗഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞും.
നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനിച്ചിട്ടും, ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊണ്ട്, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീകരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു പ്രവണത, ഭാരതത്തിൽ വർദ്ധിച്ചു വരുന്നതിൽ പ്രവാസികൾക്കുള്ള ആശങ്ക അദ്ദേഹം പ്രകടിപ്പിച്ചു. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.