അയവാസിയായ യുവാവിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് ഇടത് കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയ കേസിലെ പ്രതിയായ മണകുന്നം വില്ലേജ് ഉദയംപേരൂർ കരയിൽ ഒട്ടോളി ഭാഗത്ത് സതീശൻ മകൻ സുനിലിനെ കുറ്റക്കാരനെന്ന് കണ്ട് കോടതി ശിക്ഷിച്ചു. പ്രതി, തന്റെ അയൽവാസിയായ അരുൺ എന്ന യുവാവിനോട് മദ്യം വാങ്ങുന്നതിന് പണം കടം ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം ആസിഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. 28 തിയതി രാത്രി 11.30 മണിക്ക് മണക്കുന്നം വില്ലേജ് ഉദയംപേരൂർ കരയിൽ ഒട്ടോളി ഭാഗത്ത് പ്രതിയുടെ വീടിന്റെ മുൻ വശം വെച്ചാണ് അരുണിൻ്റെ മുഖത്ത് ആസിഡ് ഒഴിച്ച് അയാളുടെ ഇടതു കണ്ണിനും,മുഖത്ത് ഇടതു ഭാഗത്തും, ഇടതു ഷോൾഡറിനും പരിക്കുപറ്റുന്നതിനും,ഇടതു കണ്ണിൻ്റെ കാഴ്ച്ച നഷ്ടപ്പെടുവാനും ഇടയാക്കിയെന്നതാണ് കേസിനാസ്പദമായ സംഭവം.
പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി, ഇന്ത്യൻ ശിക്ഷ നിയമം 326 A വകുപ്പ് പ്രകാരം ടിയാന് 10 വർഷം കഠിനതടവും, ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക ആവലാതികാരന് നൽകണമെന്നും കോടതി വിധിച്ചു.പിഴതുക അടക്കാത്ത പക്ഷം ആറു മാസം തടവിനും കോടതി പ്രതിയെ ശിക്ഷിച്ചു.ഉദയംപേരൂർ സബ് ഇൻസ്പെക്ടർമാരായിരുന്ന ആയിരുന്ന സി.വി ഐപ്പ്, ഷിബിൻ എന്നിവരാണ് കേസന്വേഷണം അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം ആറാം അഡീഷണൽ ജില്ലാ ജഡ്ജി ശ്രീ. സി. കെ മധുസൂദനൻ ആണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി. ടി. ജെസ്റ്റിൻ, ജ്യോതി കെ. എന്നിവർഹാജരായി.