അബൂദബി: രണ്ട് പതിറ്റാണ്ടായി ഇസ്രായേൽ തടവിൽ കഴിയുന്ന ഫലസ്തീനിയൻ എഴുത്തുകാരൻ ബാസിം ഖന്ദഖ്ജിക്ക് അറബ് സാഹിത്യത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരം. ‘എ മാസ്‌ക്, ദ കളർ ഓഫ് ദ സ്‌കൈ’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. വംശീയത, വംശഹത്യ, കുടിയിറക്കൽ, വിഭജിക്കപ്പെട്ട കുടുംബ ബന്ധങ്ങൾ എന്നിവയുടെ കയ്‌പേറിയ യാഥാർത്ഥ്യത്തെ തുറന്നുകാട്ടുന്ന നോവലാണിതെന്ന് ജൂറി വിലയിരുത്തി.
നോവലിന്റെ പ്രസാധകരായ ഡർ അൽ അദബിന്റെ ഉടമ റാണ ഇദ്രീസാണ് ഖന്ദഖ്ജിക്ക് വേണ്ടി പുരസ്‌കാരം ഏറ്റുവാങ്ങിയത്. അബുദാബിയിൽ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. റാമല്ലയിലെ അഭയാർത്ഥി കാമ്പിൽ താമസിക്കുന്ന പുരാവസ്തു ഗവേഷകനായ നൂർ എന്ന വ്യക്തിക്ക് ഇസ്രായേൽ സ്വദേശിയുടെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ലഭിക്കുന്ന നീല നിറത്തിലുള്ള തിരിച്ചറിയൽ കാർഡിനെ ആസ്പദമാക്കിയാണ് ഖന്ദഖ്ജി എ മാസ്‌ക്, ദ കളർ ഓഫ് ദ സ്‌കൈ എന്ന നോവൽ രചിച്ചിരിക്കുന്നത്.
താൻ ഇസ്രായേലി പൗരനാണെന്ന് നടിച്ച് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഉദ്ഖനനം ചെയ്യപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിനായി നൂർ ഈ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നു. വെസ്റ്റ് ബാങ്കിൽ ഇസ്രായേലി പൗരനായും ഫലസ്തീനി പൗരനായും ദൈനംദിന ജീവിതത്തിൽ നൂർ കടന്നുപോകുന്ന മാനസിക പിരിമുറുക്കങ്ങളെയും നോവൽ ചർച്ച ചെയ്യുന്നുണ്ട്. 133 പുസ്തകങ്ങളാണ് അറബ് സാഹിത്യപുരസ്‌കാരത്തിനായി മത്സരിച്ചത്.
1983ൽ ഫലസ്തീനിലെ നബ്ലസിലായിരുന്നു ബാസിം ഖന്ദഖ്ജിയുടെ ജനനം. നബ്ലസിലെ അൽ-നജാ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ജേർണലിസവും മീഡിയയും പഠിച്ചു. പഠന കാലത്ത് ചെറുകഥകളും എഴുതി. 20 വർഷങ്ങൾക്ക് മുൻപ് 21കാരനായ ഖന്ദഖ്ജി ഇസ്രായേൽ സൈന്യത്തിന്റെ തടവിലകപ്പെട്ടു.