ന്യൂഡൽഹി : എസ്.എൻ.സി. ലാവലിൻ കേസിൽ സുപ്രീംകോടതിയിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിൻ കേസ് 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.
ഫെബ്രുവരി ആറിനാണ് ലാവലിൻ കേസ് ഒടുവിൽ പരിഗണിച്ചത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. നൽകിയ അപ്പീലാണ് സുപ്രീംകോടതിക്ക് മുൻപാകെയുള്ളത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.