തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ കൂടുതൽ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു പ്രഖ്യാപിച്ചു. പാലക്കാട്, തൃശൂർ ജില്ലകൾക്കു പുറമേ ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് ഇന്നലെ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പാലക്കാട് ജില്ലയിൽ നാളെ വരെ ഓറഞ്ച് അലർട്ട് തുടരും. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും.
ഇന്നലെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില പാലക്കാട്ട് രേഖപ്പെടുത്തി (40.4). ഇന്നലെ ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട മഴ പെയ്തു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. മധ്യ–തെക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും.