തിരുവനന്തപുരം: മൈക്രോ ഫിനാൻസ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഉത്തരവിട്ടു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചു. അന്വേഷണം പൂർത്തിയാക്കി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. അഴിമതി നടന്നിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി.
എസ്.എൻ.ഡി.പി യൂണിയൻ ശാഖകള്‍ വഴി നടത്തിയ മൈക്രോഫിനാൻസ് തട്ടിപ്പില്‍ 15 കോടിയിലധികം കോടിയുടെ ക്രമക്കേട് നടന്നുവെന്നായിരുന്നു വിഎസിന്റെ പരാതി. പിന്നോക്ക ക്ഷേമ കോർപ്പറേഷനിൽ നിന്നെടുത്ത വായ്പ വലിയ പലിശ നിരക്കിൽ താഴേക്ക് നൽകി തട്ടിപ്പ് നടത്തിയെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തി ക്രമക്കേട് കണ്ടെത്തിയ വിജിലൻസ് വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു. സംസ്ഥാനത്തുടനീളം 124 കേസുകളാണ് വിജിലൻസ് അന്വേഷിച്ചത്.
എന്നാൽ തുടർന്നുള്ള വിജിലൻസ് അന്വേഷണത്തിലാണ് അഞ്ച് കേസുകൾ എഴുതി തളളാൻ തീരുമാനിച്ചിരിക്കുന്നത്. വായ്പ നൽകിയ പണം തിരിച്ചടച്ചുവെന്നും പണം താഴേത്തട്ടിലേക്ക് നൽകിയതിൽ ക്രമക്കേട് കണ്ടെത്താനായിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് അന്വേഷണം ആരംഭിച്ചത്.