കീവ്: യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിൽ റഷ്യൻ മിസൈൽ പതിച്ച് 5 പേർ മരിച്ചു. ആക്രമണത്തിനു സാക്ഷിയായ ഒരാൾ ഹൃദയാഘാതം മൂലം മരിച്ചു. 4 വയസ്സുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരിൽ പെടുന്നു. തുറമുഖനഗരമായ ഒഡേസയിലെ കടലോര ഉദ്യാനത്തോടു ചേർന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിനു നേരെയാണു തിങ്കളാഴ്ച മിസൈൽ ആക്രമണമുണ്ടായത്. സ്ഥാപനത്തിന്റെ മേൽക്കൂര പൂർണമായി കത്തിനശിച്ചു. റഷ്യൻ മിസൈലുകൾ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ.