രണ്ടുസ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ മണിപ്പുരിൽ പോലീസിന് ഗുരുതരവീഴ്ച പറ്റിയതായി സി.ബി.ഐ. സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.സഹായംതേടി ഇരകൾ പോലീസ്‌വാഹനത്തിനടുത്ത് എത്തിയിട്ടും വണ്ടിയുടെ താക്കോലില്ലെന്നാണ് പോലീസുകാർ മറുപടി നൽകിയത്. നഗ്നരാക്കി നടത്തിയശേഷം ഇരുവരും ലൈംഗികാതിക്രമത്തിന് ഇരയായെന്നും കുറ്റപത്രത്തിൽ പറയുന്നു.
‘നഗ്നരാക്കുംമുൻപ് ഇരകൾ സഹായംതേടി നിർത്തിയിട്ട പോലീസ് വാഹനത്തിൽ ഓടിക്കയറിയിരുന്നു. വാഹനത്തിനകത്തും പുറത്തുമായി ഏഴോളം പോലീസുകാരും ഉണ്ടായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യാൻ പലതവണ അപേക്ഷിച്ചെങ്കിലും താക്കോലില്ലെന്നായിരുന്നു ഡ്രൈവറുടെ മറുപടി. പിന്നീട് ഇതേവാഹനംതന്നെ ഓടിച്ച് ആയിരത്തോളം കലാപകാരികളുടെ അടുത്ത് നിർത്തി പോലീസുകാർ കടന്നുകളയുകയായിരുന്നു.
തുടർന്നാണ് കലാപകാരികൾ സ്ത്രീകളെ പിടികൂടി വിവസ്ത്രരാക്കി നടത്തിയത്’ -കുറ്റപത്രം പറയുന്നു. ഇരകളിലൊരാളുടെ പിതാവിനെ ജനക്കൂട്ടം മർദിക്കുന്നത് പോലീസ് തടഞ്ഞില്ലെന്നും കുറ്റപത്രത്തിലുണ്ട്. കൂട്ടബലാത്സംഗം, കൊലപാതകം, സ്ത്രീത്വത്തെ അപമാനിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെപേരിൽ ചുമത്തിയത്. ഒക്ടോബറിൽ ഗുവാഹാട്ടിയിലെ പ്രത്യേക കോടതിയിലാണ് പ്രായപൂർത്തിയാവാത്ത ഒരാളടക്കം ഏഴാളുടെപേരിൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത്.