കൈറോ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം ഫ്രാൻസിലേക്കും പടരുന്നതിനിടെ കൈറോയിൽ തിരക്കിട്ട ചർച്ചകൾ. ഇസ്രായേൽ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾ മധ്യസ്ഥരായ ഈജിപ്ത് പ്രതിനിധികളുമായി ചർച്ച ചെയ്യാനെത്തിയ ഹമാസ് പ്രതിനിധി സംഘം മടങ്ങി. ബുധനാഴ്ചക്കകം മറുപടി രേഖാമൂലം അറിയിക്കണമെന്നാണ് ഇസ്രായേൽ നിർദേശം. അല്ലെങ്കിൽ ചർച്ചക്ക് പ്രതിനിധി സംഘത്തെ അയക്കില്ല. മറുപടിയുമായി ഹമാസ് സംഘം വീണ്ടും കൈറോയിൽ എത്തിയേക്കുമെന്നാണ് സൂചന. 30-40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി തടവറകളിലുള്ള ഫലസ്തീനികളെ വിട്ടയക്കാമെന്നും 40 ദിവസത്തെ വെടിനിർത്തൽ ആകാമെന്നുമാണ് ഇസ്രായേൽ മുന്നോട്ടുവെക്കുന്നത്. അതേസമയം, വെടിനിർത്തൽ ഉണ്ടായാലും ഇല്ലെങ്കിലും റഫയിൽ ആക്രമണം നടത്തുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും ഭീഷണി മുഴക്കി.