12 വർഷം മുൻപ് കാണാതായ മൂക്കുത്തിയുടെ ഭാഗം ശ്വാസകോശത്തിൽനിന്ന് പുറത്തെടുത്തു. കൊച്ചി അമൃത ആശുപത്രിയിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം മേധാവി ഡോ. ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ മൂക്കുത്തിയുടെ ചങ്കിരി പുറത്തെടുത്തു. 12 വർഷം മുൻപാണ് വീട്ടമ്മയ്ക്ക് ചങ്കിരി നഷ്ടമായത്. മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കിട്ടിയെങ്കിലും പിറകിലെ പിരി കിട്ടിയില്ല.
കഴിഞ്ഞയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായപ്പോൾ നടത്തിയ സ്‌കാനിങ്ങിലാണ് ശ്വാസകോശത്തിൽ എന്തോ തറഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്കെത്തിച്ചു. പരിശോധനയിൽ ഇത് മൂക്കുത്തിയുടെ ഭാഗമാണെന്ന് കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു.
ഡോ. ശ്രീരാജ് നായർ, ഡോ. ടോണി ജോസ് എന്നിവരും ചികിത്സാ സംഘത്തിലുണ്ടായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ഭാഗം മൂക്കിനുള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. ഈ കാലയളവിൽ ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടർന്ന് അവർ ആസ്ത്‌മയ്ക്ക് ചികിത്സ തേടുകയും ചെയ്തിരുന്നു.