ഫ്രിഡ്ജിൽ ഒരു നാരങ്ങ എങ്കിലും ഇല്ലാത്ത മലയാളികളുടെ വീട് വളരെ കുറവാണ്. സാധാരണയായി നാരങ്ങ പിഴിഞ്ഞ് നീര് എടുത്ത ശേഷം നാരങ്ങയുടെ തോട് കളയാറാണ് പതിവ്. പൊതുവെ ചൂട് കാലത്താണ് പലരും ഇത് കൂടുതലായി ഉപയോഗിക്കുന്നത്.
ചൂട് കാലത്തെ ഏറ്റവും നല്ല പാനീയമാണ് നാരങ്ങ വെള്ളം. വൈറ്റമിൻ സി, ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് നാരങ്ങ. പക്ഷെ നാരങ്ങ പിഴിഞ്ഞ ശേഷം അതിൻ്റെ തൊലി കളയാറാണ് പതിവ്. നാരങ്ങയുടെ നീര് പോലെ തന്നെ അതിൻ്റെ തൊലിയും ആരോഗ്യത്തിന് ഏറെ നല്ലതാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും നാരങ്ങയുടെ പങ്ക് വളരെ വലുതാണ്. എന്തൊക്കെ രോഗങ്ങൾക്ക് നാരങ്ങ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
നാരങ്ങ തൊലിയുടെ ആരോഗ്യ ഗുണങ്ങൾ
നാരങ്ങയുടെ നീരിനെക്കാൾ കൂടുതൽ വൈറ്റമിൻ സി നാരങ്ങയുടെ തൊലിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഈ പഴത്തിന്റെ തൊലിയിൽ ഡി-ലിമോണീൻ എന്ന ഫ്ലേവനോയ്ഡും ധാരാളമായി കാണപ്പെടുന്നു. വൈറ്റമിൻ സിയും ഡി ലിമോണീനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന പ്രധാന ഘടകങ്ങളാണ്. ആരോഗ്യപരമായ ഒരുപാട് ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. നാരങ്ങ തൊലിയിൽ അടങ്ങിയിരിക്കുന്ന പെക്ടിൻ അമിതഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കും.
അറിയാം നാരങ്ങയുടെ വിവിധ ഗുണങ്ങള്‍
ഹൃദയാരോഗ്യത്തിന് ഉത്തമം
പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാൻ നാരങ്ങ തൊലി സഹായിക്കും. പുകവലി ശീലമുള്ളവർ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, രക്തത്തിൽ ചീത്ത കൊളസ്‌ട്രോൾ ഉള്ളവർ, പ്രമേഹമുള്ളവർ, ശരീരഭാരം കൂടിയവർ അല്ലെങ്കിൽ അമിതമായ മാനസിക പിരിമുറുക്കം ഉള്ളവർ എന്നിവരുടെ മോശം ശീലങ്ങൾ കാരണം പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാം.
എന്നാൽ നാരങ്ങയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫ്ലേവനോയിഡ് വിറ്റാമിൻ സി, പെക്റ്റിൻ എന്നിവ രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുകയും ചെയ്യുന്നു.
പ്രമേഹം നിയന്ത്രിക്കാൻ
പ്രധാനമായും, നാരങ്ങ തൊലി വിറ്റാമിൻ സി, പെക്റ്റിൻ എന്നറിയപ്പെടുന്ന നാരുകളുടെയും ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ്. ഇതിന് കുറഞ്ഞ മധുര സൂചികയാണ് ഉള്ളത്. ഇവ ശരീരഭാരം കുറയ്ക്കുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും പ്രമേഹ രോഗത്തെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നു.
നാരങ്ങ തൊലി മാത്രമല്ല, നാരങ്ങാനീരും പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. പഞ്ചസാര ചേർക്കാത്ത നാരങ്ങാവെള്ളം പ്രമേഹ രോഗികളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ശരീരത്തിലെ ഇൻസുലിൻ അളവ് സമർത്ഥമായി നിയന്ത്രിക്കുന്ന നാരങ്ങയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിൽ വിറ്റാമിൻ സിയാണ് ഇതിന് പ്രധാന കാരണം.
ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ആരോഗ്യകരമായ നാരുകൾ ദഹനപ്രക്രിയ വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ക്യാൻസറിനെ ചെറുക്കാം
ഫ്‌ളേവനോയ്‌ഡുകളും വിറ്റാമിൻ സിയും നാരങ്ങ തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്ന രണ്ട് ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ക്യാൻസറിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, പ്രധാനമായും നാരങ്ങ തൊലിയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ ശരീരത്തിലെ വിഷ മാലിന്യങ്ങൾ നീക്കം ചെയ്യാനും സഹായിക്കുന്നു. അതുപോലെ വീക്കം ഉണ്ടാക്കുന്ന ഫ്രീ റാഡിക്കൽ മൂലകങ്ങൾക്കെതിരെ പോരാടുന്നു. സ്ത്രീകളുടെ ആമാശയ സംബന്ധമായ പ്രശ്നങ്ങൾക്കും സ്തനാർബുദത്തിനും എതിരെ പ്രവർത്തിക്കാൻ ഇതിന് കഴിയും.
അതുകൊണ്ട് തന്നെ ഇതിന്റെ ഗുണം ലഭിക്കാൻ ദിവസവും ഭക്ഷണത്തിൽ നാരങ്ങ ഉപയോഗിക്കുന്നത് ശീലമാക്കണം. എന്നാൽ ക്യാൻസറിനുള്ള ശാശ്വതമായ പ്രതിവിധി നാരങ്ങാത്തൊലിയല്ലെന്ന് അറിഞ്ഞിരിക്കുക.
നാരങ്ങ തൊലി എങ്ങനെ ഉപയോഗിക്കാം?
നാരങ്ങയിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത ശേഷം അതിന്റെ തൊലി കളയാതെ നന്നായി വെയിലത്ത് ഉണക്കി പൊടിച്ച് പൊടിയാക്കുക. കൂടാതെ ദൈനംദിന പാചകത്തിൽ, ചെറുനാരങ്ങയുടെ തൊലി അതുപോലെ തന്നെ കഴിക്കുന്നത് ശീലമാക്കിയാൽ അത് ആരോഗ്യത്തിന് നല്ലതാണ്. അല്ലാത്തപക്ഷം ഈ പൊടി ഒരു നുള്ള് ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചാൽ പല ആരോഗ്യപ്രശ്നങ്ങളും മാറും.