ന്യൂഡല്‍ഹി: മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സംഭവത്തെ തുടർന്ന് സ്കൂളുകൾ ബോംബ് സ്ക്വാഡ് ഓഴിപ്പിച്ച് പരിശോധന തുടങ്ങി. ചാണക്യപുരിയിലെ സംസ്കൃത സ്കൂൾ, മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ദില്ലി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിലേക്കാണ് ഇ മെയിൽ സന്ദേശം വഴി ബോംബ് ഭീഷണി എത്തിയത്. സ്കൂളുകളിൽ നിരവധി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മെയിലിൽ പറയുന്നു.
ഇ- മെയിലില്‍ ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഭീഷണിയെത്തുടര്‍ന്ന് മദര്‍ മേരി സ്‌കൂളില്‍ നടന്നുവരുന്ന പരീക്ഷ നിര്‍ത്തിവെച്ചു. സ്‌കൂള്‍ പരിസരത്തുള്ളവരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടു. ഭീഷണിസന്ദേശം ലഭിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിദ്യാര്‍ഥികളെ അടിയന്തരമായി തിരിച്ചയക്കുന്നതായി രക്ഷിതാക്കള്‍ക്കയച്ച ഇ- മെയിലില്‍ ഡല്‍ഹി പബ്ലിക്ക് സ്‌കൂള്‍ അറിയിച്ചു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ എത്തിയ പോലീസ് സംഘം പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. വിദ്യാര്‍ഥികളെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ബോംബ് സ്‌ക്വാഡും ഡല്‍ഹി അഗ്നിരക്ഷാസേനയും തിരച്ചില്‍ തുടരുകയാണ്. സംശയകരമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.