നോൺ സ്റ്റിക്ക് പാനുകളുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം, അത് വൃത്തിയാക്കാന്‍ വളരെ എളുപ്പമാണ് എന്നതാണ്. അടുത്തടുത്തായി വെവ്വേറെ ഭക്ഷണങ്ങള്‍ പാകം ചെയ്യേണ്ടി വരുമ്പോള്‍ കഴുകേണ്ട ആവശ്യം തന്നെയില്ല, ഒരു സ്പോഞ്ചോ തുണിയോ ഉപയോഗിച്ച് തുടച്ചുകളഞ്ഞാല്‍ മാത്രം മതി.
ശ്രദ്ധിക്കാം ഈക്കാര്യങ്ങൾ
ചെമ്പ്, സ്റ്റെയിൻലെസ് സ്റ്റീൽ, കാർബൺ സ്റ്റീൽ, കാസ്റ്റ് അയേൺ തുടങ്ങിയ ലോഹങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ പരമ്പരാഗത അടുക്കളപ്പാത്രങ്ങളെക്കാള്‍ ആയുസ്സ് കുറവാണ് നോൺ സ്റ്റിക്ക് പാത്രങ്ങള്‍ക്ക്.
ഒട്ടുമിക്ക നോൺ സ്റ്റിക്ക് പാത്രങ്ങളും ടെഫ്ലോൺ എന്ന രാസവസ്തു കൊണ്ട് പൊതിഞ്ഞതാണ്. ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന പെർഫ്ലൂറോക്റ്റാനോയിക് ആസിഡ്(PFOA) എന്ന രാസവസ്തുവും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചില ബ്രാൻഡുകൾ അവരുടെ നോൺ സ്റ്റിക്ക് പാനുകളിൽ സെറാമിക് കോട്ടിംഗും ഉപയോഗിക്കുന്നു. പതിവായി ഉപയോഗിക്കുമ്പോള്‍ ഈ കോട്ടിംഗുകള്‍ ഇളകിപ്പോകും. അതിനു ശേഷം വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
എപ്പോള്‍ ഉപയോഗം നിര്‍ത്തണം?
അമിതമായ ചൂടില്‍ ഉപയോഗിക്കാന്‍ പറ്റുന്നവയല്ല നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍. കുറേ നേരം അടുപ്പത്ത് വയ്ക്കുമ്പോള്‍ ഇതിന്റെ കോട്ടിംഗ് ഇളകിപ്പോകാം. അല്ലെങ്കില്‍ കഴുകുമ്പോഴും കാലപ്പഴക്കം കൊണ്ടുമെല്ലാം പാത്രങ്ങളില്‍ പോറലുകള്‍ വരാം. ഇങ്ങനെയുള്ള പോറലുകള്‍ കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ആ പാത്രം ഉപയോഗിക്കുന്നത് നിര്‍ത്തണം.
ചിലപ്പോള്‍ പാത്രങ്ങളില്‍ പോറലുകള്‍ കണ്ടെന്നു വരില്ല. എന്നിരുന്നാലും ഓരോ അഞ്ച് വർഷത്തിലും നോൺ സ്റ്റിക്ക് പാനുകൾ മാറ്റണം. സമീപകാലത്തിറങ്ങിയ നോൺ സ്റ്റിക്ക് പാനുകൾ മിക്കവയും ദോഷകരമായ PFOA ഇല്ലാതെ നിർമിച്ചതാണ്. 2015 ന് മുമ്പ് നിർമിച്ച കുക്ക്വെയറുകളില് PFOA അടങ്ങിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യവും ശ്രദ്ധിക്കുക.
കൂടാതെ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാത്രത്തിന്റെ ആകൃതിയിലോ നിറത്തിലോ പെട്ടെന്ന് മാറ്റം വന്നാല്‍ പിന്നീട് അത് ഉപയോഗിക്കരുത്. കൂടാതെ ദോശയും ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ അവ പാത്രത്തില്‍ പറ്റിപ്പിടിക്കുകയാണെങ്കില്‍, ഇതും നോണ്‍ സ്റ്റിക്ക് മാറ്റാന്‍ സമയമായി എന്നതിന്റെ സൂചനയാണ്.
സൂക്ഷിക്കണം
നാമിന്ന് ഉപയോഗിക്കുന്ന എല്ലാ നോൺസ്റ്റിക്ക് പാത്രങ്ങളും ടെഫ്ലോൺ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പോളിടെട്രാഫ്ളൂറോ എത്തിലീൻ (PTFE) എന്ന ഘടകം ഉപയോഗിച്ച് തയ്യാറാക്കപ്പെടുന്നവയാണ്. കാർബൺ, ഫ്ലൂറിൻ ആറ്റങ്ങൾ സംയോജിപ്പിച്ച് രൂപംകൊണ്ട ഒരു സിന്തറ്റിക് രാസവസ്തുവാണ് ടെഫ്ലോൺ.
ഇതിൻ്റെ ജനപ്രീതി കാലങ്ങളായി വളർന്നു കൊണ്ടിരിക്കുമ്പോൾ പോലും ആരോഗ്യകാര്യത്തിൽ ഇത് സുരക്ഷിതമാണോ എന്ന് ചോദ്യം പലരും സംശയദൃഷ്ടിയോടെ നോക്കി കാണുന്നുണ്ട്. ടെഫ്ലോണിൻ്റെ ഉപയോഗം പാചകത്തിന് സുരക്ഷിതമെങ്കിൽ പോലും ഉയർന്ന താപനിലയിലായി മാറുമ്പോൾ ഇത് അനാരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയുണ്ട് എന്ന് ഒരു കൂട്ടം ഗവേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
അതായത് ഏകദേശം 570 ° F (300 ° C) ന് മുകളിലുള്ള താപനിലയിൽ എത്തുമ്പോൾ ടെഫ്ലോൺ കോട്ടിങ്ങുകൾ പതിയേ തകരാൻ തുടങ്ങും. ഇത് വായുവിലേക്ക് വിഷ രാസവസ്തുക്കളെ പുറപ്പെടുവിച്ചേക്കാനുള്ള സാധ്യതയുണ്ട്.
ഈ വിഷ പുക ശ്വസിക്കുകയാണെങ്കിൽ അത് ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാൻ ഇടയുണ്ട്. ശരീരത്തിൽ ജലദോഷം, പനി, തലവേദന, ശരീരവേദന തുടങ്ങിയ താൽക്കാലിക ലക്ഷണങ്ങളെ ഇത് അനുഭവപ്പെടുത്തും.