ഇന്ന് രാത്രി മുതൽ രാജ്യത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒറ്റപ്പെട്ട മഴയായി തുടങ്ങി നാളെ രാവിലെയോടെ മിക്ക മേഖലകളിലും മഴ ശക്തമാവും. പലയിടങ്ങളിലും മഴയ്ക്കൊപ്പം കാറ്റുമുണ്ടാകും.
ഇടിമിന്നലും ആലിപ്പഴ വർഷത്തിനും സാധ്യതയുമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇന്ന് രാത്രി മുതൽ രാവിലെ വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചു.
ഈമാസം 16-ന് രാജ്യത്തു പെയ്തതുപോലെ അതിശക്ത മഴ ഇത്തവണ ഉണ്ടാകില്ലെന്നും പൊതുജനങ്ങൾ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ദുബായിലെ സ്വകാര്യ സ്കൂളുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ, ദുരന്ത നിവാരണ അതോരിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവർ കഴിഞ്ഞ ദിവസം സംയുക്ത യോഗംചേർന്ന് സ്ഥിതിഗതി വിലയിരുത്തി. ഏത് പ്രതികൂല സാഹചര്യത്തെ നേരിടാനും എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.