നോണ്‍ വെജുകാരുടെ ഇഷ്ടഭക്ഷണക്കൂട്ടില്‍ മട്ടനും പെടും. വളരെ എളുപ്പം തയ്യറാക്കാവുന്ന സ്വാദേറിയ ഒരു മട്ടൺ കറി തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മട്ടന്‍-അരക്കിലോ
- ചുവന്നുള്ളി -250 ഗ്രാം
- സവാള-1
- മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
- ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
- ചുവന്ന മുളക്-15
- കുരുമുളക്-അര സ്പൂണ്‍
- ജീരകം, കടുക്-അര സ്പൂണ്‍
- ഗരം മസാല-1 സ്പൂണ്‍
- തേങ്ങാ വറുത്തരച്ചത്-ഒരു കപ്പ്
- ഉപ്പ്-ആവശ്യത്തിന്
- കറിവേപ്പില
തയ്യറാക്കുന്ന വിധം
മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി മഞ്ഞള്‍പ്പൊടി പുരട്ടി വയ്ക്കുക. ഒരു പാത്രത്തില്‍, എണ്ണ ചൂടാക്കി അതില്‍ കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി, സവാള എന്നിവ അരിഞ്ഞത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ഇതിലേക്ക് കുരുമുളക്, ജീരകം, വറ്റല്‍മുളക് എന്നിവ ചൂടാക്കി പൊടിച്ചതും ഗരം മസാലയും ചേര്‍ക്കണം. ഇത് നല്ലപോലെ മൂത്ത് മണം വന്നാല്‍ ഇതിലേക്ക് മട്ടന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
മസാല നല്ലപോലെ പിടിക്കുന്നതു വരെ ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഇറച്ചി ഒരുവിധം വെന്തുകഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ വറുത്തരച്ചതു ചേര്‍ത്ത് അല്‍പനേരം വേവിക്കുക. ചാറ് കുറുകി ഇറച്ചിയില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. ചോറിനൊപ്പവും ചപ്പാത്തി, പൊറോട്ട എന്നിവയ്‌ക്കൊപ്പവും ഉപയോഗിക്കാം.
ഗരം മസാലക്കു പകരം മീറ്റ് മസാലയും ചേര്‍ക്കാം. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഗരം മസാല ചേര്‍ത്താല്‍ സ്വാദേറും. തേങ്ങ ചുവക്കുന്നതുവരെ വറുക്കണം. എങ്കിലേ നല്ല നിറം ലഭിക്കൂ.