വിപണിയിൽ ലഭിക്കുന്ന വില കൂടിയ ഉത്പ്പന്നങ്ങൾ വാങ്ങി ചർമ്മ സംരക്ഷണം നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. ചർമ്മത്തിൻ്റെ തിളക്കവും ഭംഗിയും വീണ്ടെടുക്കാൻ വിലകൂടിയ ഉത്പ്പന്നങ്ങളുടെ ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. വീട്ടിലെ അടുക്കളയിലുള്ള ചില നുറുങ്ങുകൾ ചർമ്മകാന്തിയ്ക്ക് ഏറെ നല്ലതാണ്. ചർമ്മത്തിൻ്റെ മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അടുക്കളയിലുണ്ടെന്ന് വേണം പറയാൻ. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നതാണ് ഓട്സ്. ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.
ചർമ്മ സംരക്ഷണം
ഓരോ കാലാവസ്ഥയിലും ചർമ്മത്തിന് ആവശ്യമായ ചർമ്മ സംരക്ഷണം വളരെ പ്രധാനമാണ്. ചൂടാണെങ്കിലും തണുപ്പ് ആണെങ്കിലും അത് ചർമ്മത്തിൽ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. ഇത് മാറ്റിയെടുക്കേണ്ടത് ഏറെ പ്രധാനമാണ്. ചർമ്മം ക്ലെൻസ് ചെയ്യുന്നത് പോലെ തന്നെ പ്രധാനമാണ് എക്സ്ഫോളിയേറ്റ് ചെയ്യേണ്ടത്. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളി പുതുജീവൻ നൽകാൻ ഇത് ഏറെ സഹായിക്കും. വീട്ടിലെ അടുക്കളയിലുള്ള ചേരുവകൾ ഉപയോഗിച്ച് സ്വാഭാവികമായ രീതിയിൽ ചർമ്മം സംരക്ഷണം നടത്തുന്നത് പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ഏറെ സഹായിക്കും.
ഓട്സ്
ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് ഓട്സ് നൽകുന്നത്. അതുപോലെ ചർമ്മകാന്തിക്കും ഏറെ നല്ലതാണ് ഓട്സ്. ചർമ്മത്തിലെ നിറ വ്യത്യാസം മാറ്റി നിറം കൂട്ടാനും തിളക്കം നൽകാനും ഓട്സിന് കഴിയും. നല്ലൊരു എക്സ്ഫോളിയേറ്ററാണ് ഓട്സ്. സുഷിരങ്ങൾ തുറന്ന് അഴുക്ക് നീക്കാനും അതുപോലെ മൃതകോശങ്ങളെ പുറന്തള്ളി നല്ല ചർമ്മം വീണ്ടെടുക്കാനും ഓട്സ് സഹായിക്കാറുണ്ട്. ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിനുകളുമാൽ സമ്പുഷ്ടമാണ് ഓട്സ്. ചർമ്മത്തിന് ആവശ്യമാണ് എല്ലാ ഘടകങ്ങളും ഓട്സിൽ അടങ്ങിയിട്ടുണ്ട്.
തേൻ
ചർമ്മത്തിന് ഏറെ നല്ലതാണ് തേൻ. തേനിൻ്റെ ഗുണങ്ങൾ പറഞ്ഞ് അറിയിക്കുന്നതിലും കൂടുതലാണെന്ന് തന്നെ പറയാം. ആൻ്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് തേൻ. ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകി മോയ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതാണ് തേൻ. പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും. തേനിനൊപ്പം ചേർക്കുന്ന ചേരുവകളാണ് പ്രധാനം. ആൻ്റി ഓക്സിഡൻ്റുകളും തേനിൽ അടങ്ങിയിട്ടുണ്ട്. ഇതും ചർമ്മത്തിന് വളരെ നല്ലതാണ്.
പാൽ
ദിവസവും പാൽ കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ വളരെ വലുതാണ്. അതുപോലെ പാൽ ചർമ്മത്തിനും വളരെ നല്ലതാണ്. സ്വാഭാവികമായ ക്ലെൻസറായി പ്രവർത്തിക്കാൻ പാലിന് കഴിയാറുണ്ട്. പാൽ ഉപയോഗിക്കുന്നത് വൈറ്റമിനുകളും പ്രോട്ടീനുകളും ചർമ്മത്തിന് നൽകാനും കൊളാജൻ ഉത്പ്പാദനം വർധിപ്പിക്കാനും സഹായിക്കും. ചർമ്മത്തിൻ്റെ ഇലാസ്തികത വീണ്ടെടുക്കാനും പാൽ നല്ലതാണ്. മിക്ക സൌന്ദര്യ വർധക ഉത്പ്പന്നങ്ങളിലും പാലൊരു പ്രധാന ചേരുവയായി മാറിയിട്ടുണ്ട്. മാത്രമല്ല വരണ്ട പോയ ചർമ്മത്തിനും പാൽ നല്ലൊരു പരിഹാര മാർഗമാണ്.
പായ്ക്ക് തയാറാക്കാൻ
2 ടീസ്പൂൺ ഓട്സ് എടുത്ത് തരിയോടു കൂടി പൊടിച്ച് എടുക്കുക. ഇനി ഇതിലേക്ക് 1 ടീ സ്പൂൺ തേനും 2 ടീസ്പൂൺ പാലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ മിനുസമാർന്ന പേസ്റ്റ് മുഖത്തും കഴുത്തിലുമൊക്കെ തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി വ്യത്തിയാക്കാം. നഷ്ടപ്പെട്ട് പോയ ജലാംശം വീണ്ടെടുക്കാൻ ഇതൊരു മികച്ച പായ്ക്കാണ്.