കൊല്ലം: പട്ടാപകൽ ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണവുമായി കടന്നു കളയുന്ന കമിതാക്കളെ പോലീസ് പിടികൂടി. കായംകുളം കൃഷ്ണപുരം സ്വദേശി മുഹമ്മദ് അന്‍വര്‍ഷാ, ഒപ്പം താമസിക്കുന്ന സരിത എന്നിവരെയാണ് പുത്തൂര്‍ പൊലീസ് പിടികൂടിയത്.
മോഷണം നടത്തി സുഖജീവിതം നയിക്കുകയായിരുന്ന ഇവരെ കൊട്ടിയം പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാപ്പകല്‍ ബൈക്കില്‍ എത്തി ഭണ്ഡാരങ്ങളിലെ പണം കവരുന്ന കേസ്സിലാണ് ഇരുവരും പിടിയിലായത്.
പുത്തൂര്‍ മാവടി മഹാവിഷ്ണു ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വഷണത്തിലാണ് ഇരുവരും വലയിലായത്. നിരവധി ക്ഷേത്രമോഷണണക്കേസുകള്‍ ഇവരുടെ പേരിലുണ്ട്. പകല്‍ സമയങ്ങളില്‍ ബൈക്കിലെത്തി കവര്‍ച്ച നടത്തുന്നതാണ് ഇവരുടെ രീതി.
ഇതിന് ശേഷം ആ പണം തീരുന്നത് വരെ എവിടെയെങ്കിലും മുറിയെടുത്ത് താമസിക്കും. എട്ട് വര്‍ഷമായി ഒരുമിച്ചാണ് മോഷണം. കഴിഞ്ഞ ആറ് വര്‍ഷമായി ഇവര്‍ ഒരുമിച്ചാണ് ജീവിച്ച് വരുന്നതെന്നും പുത്തൂര്‍ പൊലീസ് പറഞ്ഞു. പ്രതികളെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. പുത്തൂര്‍ മാവടി ക്ഷേത്രത്തിന് മുന്‍പില്‍ ബൈക്ക് നിര്‍ത്തുകയും സരിത ഭണ്ഡാരത്തിലെ പണം കവര്‍ന്ന് ബൈക്കിന് പിന്നില്‍ കയറി ഇരുന്ന് പോകുന്നതുമായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.