വേടരും, വേലരും ഒത്തു ചേരും ഒപ്പം കാത് പൊട്ടുന്ന തെറിയും: കേരളത്തിലെ ചരിത്രം അറിഞ്ഞിരിക്കണ്ടേ?

കേരളത്തിന്റെ ചരിത്രത്തിനു വർഷങ്ങൾ പഴക്കമുണ്ട്. എന്നാൽ കേരളം രൂപപ്പെടുന്നതിനു മുൻപുള്ള ചരിത്ര കൂടി കേരളം കൂട്ടിച്ചേർത്തിട്ടുണ്ട്. കാരണം ഇന്ന് കാണുന്ന ഓരോന്നിലും പുരാതന കാലത്തിന്റെ ശേഷിപ്പുകൾ അടങ്ങുന്നുണ്ട്. യാത്ര പ്രേമികളോടൊന്നും കൊടുങ്ങല്ലൂർ ഭരണിയെ കുറിച്ച് പറഞ്ഞറിയിക്കണ്ട കാര്യമില്ല.

കൊടുങ്ങല്ലൂർ എന്ന് കേൾക്കുമ്പോഴേ എല്ലാവർക്കും ഓർമ്മ വരുന്നത് തെറിപ്പാട്ടുകളെ കുറിച്ചാണ്. എന്നാൽ ഇവയുടെ ചരിത്രമറിയാമോ? തെറിപ്പാട്ടുകൾ ഉൾകൊള്ളുന്ന രാഷ്രീയ പശ്ചാത്തലത്തെ കുറിച്ച് കേരളത്തിലെ ഓരോ മനുഷ്യരും അറിഞ്ഞിരിക്കേണ്ടതാണ്.

കൊടുങ്ങല്ലൂർ

സംഘകാലഘട്ടത്തിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. പല ദേശങ്ങളിൽ നിന്നും കച്ചവടക്കാർ കൊടുങ്ങല്ലൂരിലേക്ക് എത്തിപ്പെട്ടു. ഓരോ മനുഷ്യരും കൊടുങ്ങല്ലൂരിലേക്ക് എത്തുമ്പോഴും അവരുടെ വിശ്വാസം കൂടി കൊടുങ്ങല്ലൂർ മണ്ണിലേക്ക് കലർന്നു.ജൈന, ബുദ്ധ മതങ്ങള്‍ കൊടുങ്ങല്ലൂരില്‍ വലിയതോതില്‍ അവരുടെ വിഹാരങ്ങള്‍ സ്ഥാപിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യയിലേക്ക് എത്തിപ്പെടുന്നത് കൊടുങ്ങല്ലൂർ വഴിയാണ്. കൊടുങ്ങല്ലൂർ കാവിനു സംഘകാലത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു.

കൊടുങ്ങല്ലൂർ കാവ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലാണ് ശ്രീകുരുംബ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ കാളീക്ഷേത്രവും ആദ്യ ഭഗവതീ ക്ഷേത്രവും ഇതാണെന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്

കൊടുങ്ങല്ലൂർ ഭരണി

മീനമാസത്തിലെ മൂലം നക്ഷത്രം മുതല്‍ കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഭക്തര്‍ ക്ഷേത്രത്തിലേക്ക് വന്നുതുടങ്ങും. മറ്റു ഉത്സവങ്ങളെ പോലെ ഇവിടെ വാദ്യ ഉപകരണങ്ങളോ, താലപ്പൊലിയോ, എഴുന്നെള്ളിപ്പിനുണ്ടാകുന്ന ആനയോ കാണില്ല. ശരിക്കും വ്യത്യസ്തമാണ് ഇവിടുത്തെ ഉത്സവം.

സാധരണ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾ കണ്ടു ശീലിച്ചവർ കൊടുങ്ങല്ലൂരിലേക്ക് എത്തുമ്പോൾ ശരിക്കും ഒരു ഉത്സവത്തിന്റെ പ്രതീതി തോന്നുകയേ ഇല്ല. മധുരാപുരി ചുട്ടെരിച്ചെത്തിയ കണ്ണകിയെ ചേരന്‍ ചെങ്കുട്ടുവന്‍ തന്റെ ആസ്ഥാനമായിരുന്ന കൊടുങ്ങല്ലൂരില്‍ കുടിയിരുത്തി എന്നാണ് കൊടുങ്ങല്ലൂര്‍ കാവിനെപ്പറ്റി ഏറ്റവും പ്രചാരത്തിലുള്ള ഒരു വിശ്വാസം.

കാര്‍ഷികവൃത്തി തുടങ്ങിയപ്പോള്‍ മുതലുള്ള മനുഷ്യന്റെ പ്രകൃത്യാരാധനയുടെ ശേഷിപ്പുകളാണ് കൊടുങ്ങല്ലൂര്‍ ഭരണിയെ മറ്റ് ഉത്സവങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ഉര്‍വരതാ ആരാധനയും കൊയ്ത്ത് ഉത്സവവും വേടരുടെയും വേലരുടെയും സാന്നിധ്യവും ഭരണിയെ തികച്ചും വ്യത്യസ്തമാക്കുന്നു.

തെറിപ്പാട്ടും കോഴിവെട്ടും തലവെട്ടിപ്പൊളിക്കുന്ന കോമരങ്ങളുമൊക്കെയായി ഒരിക്കലും മറക്കാൻ സാധിക്കാത്ത അനുഭവമാണ് കൊടുങ്ങല്ലൂർ ഓരോ മനുഷ്യർക്കും നൽകുന്നത്

കാളീ ആരാധന

കേരളത്തിലെ കാളീ ആരാധനയ്ക്ക് മാഞ്ഞു പോകാൻ തുടങ്ങുന്നൊരു ചരിത്രമുണ്ട്. കാളി ആരാധനകൾ ശുദ്ധ വെജിറ്റേറിയന്‍ സംസ്‌കാരത്തിലോ അയിത്ത സാമൂഹ്യ വ്യവസ്ഥയിലോ ഊട്ടി ഉറപ്പിച്ച ഒന്നുമാത്രമായിരുന്നില്ല.കേരളത്തിലെ ബ്രാഹ്മണർ ഒരു സ ഘട്ടം വരെ ഭദ്രകാളി പൂജകള്‍ നിര്‍വഹിച്ചിരുന്നുമില്ല. കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണര്‍ കാളീപൂജകള്‍ കേന്ദ്രമാക്കിയുള്ള ഒരനുഷ്ഠാന ഗ്രന്ഥം രചിക്കുന്നത് പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷമാണ്.

കാളീപൂജകള്‍ നിര്‍വഹിച്ചിരുന്ന അടികള്‍, മൂസത്, പിടാരര്‍ തുടങ്ങിയ ജാതി വിഭാഗങ്ങളെ ബ്രാഹ്മണരായി നമ്പൂതിരി ബ്രാഹ്‌മണര്‍ അംഗീകരിച്ചിരുന്നില്ല. ശാക്തേയ പൂജകള്‍ അനുത്തമമായ പൂജാ മാര്‍ഗമാണെന്ന് ശാങ്കരസ്മൃതി വിലയിരുത്തുന്നതായി നമുക്ക് കാണാൻ കഴിയും കാരണം ബ്രാഹ്‌മണര്‍ ചരിത്രത്തിന്റെ ഒരു ഘട്ടം വരെ കാളീപൂജകളെ ഹീനമായി കണ്ടിരുന്നു

ചരിത്രവും ഐതീഹ്യവും മിത്തും ഇഴചേര്‍ന്നുകിടക്കുന്ന ഒന്നാണ് കോമരങ്ങളുടെ ഭരണിപ്പാട്ട് അഥവാ തന്നാരം പാട്ട്. മീനത്തിലെ തിരുവോണം നാളില്‍ കോഴിക്കല്ല് മൂടുന്ന നേരം മുതല്‍ അശ്വതി നാളില്‍ കാവുതീണ്ടുവോളം കൊടുങ്ങല്ലൂരില്‍ ഭരണിപ്പാട്ടുണ്ടാവും.

കൊടുങ്ങല്ലൂരമ്മയുമായും അമ്പലവുമായും ബന്ധപ്പെട്ട ചരിത്രവും ഐതീഹ്യങ്ങളും മിത്തുകളുമെല്ലാം ഭരണിപ്പാട്ടിന്റെ രൂപത്തില്‍ കോമരങ്ങളും പരിവാരങ്ങളും പാടാറുണ്ട്. ദേവിയെ പ്രസാദിപ്പിക്കാനുള്ള പഞ്ചമകാര പൂജയുടെ ഭാഗമാണ് ഭരണിപ്പാട്ടുകള്‍ എന്ന് പറയാറുണ്ട്.

തെറികളെങ്ങനെ തെറികളായി?

തെറികളുടെ ചരിത്രം അനേഷിച്ചു ചെന്നാൽ പലതും ഇന്നത്തെ സമൂഹത്തിൽ ഉപയോഗിക്കുന്ന അർത്ഥമല്ലന്നു കണ്ടെത്തുവാൻ സാധിക്കും. ഇന്ന് അങ്ങോട്ടുമിങ്ങോട്ടും അപമാനിക്കുവാനായും, മറ്റൊരാളെ വേദനിപ്പിക്കുവാനായും വിളിക്കുന്ന തെറികൾ പണ്ട് കാലത്തു നിത്യ ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു. ഇന്ന് ‘നീ പോടാ ചെറ്റേ’ എന്ന് ഉപയോഗിക്കുന്നത് മോശമായിട്ടുള്ളൊരു വാക്കായിട്ടാണ്. ന്നാൽ പണ്ട് കാലത്തു അവ കർഷകർ താമസിച്ചിരുന്ന വീടിനെയാണ് പ്രതിനിധാനം ചെയ്തിരുന്നത്.

ഭരണിപ്പാട്ടിലെ ഓരോ വരികൾക്കും മനുഷ്യന്റെ കാര്‍ഷികജീവിതത്തോളം പഴക്കമുണ്ടെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ശരിക്കും തെറിപ്പാട്ടുകള്‍ വിരല്‍ചൂണ്ടുന്നത് ഗോത്രാരാധനാ കാലത്തെ ഉര്‍വരതാ ആരാധന അഥവാ ഫെര്‍ട്ടിലിറ്റി വര്‍ഷിപ്പിലേക്കാണ്. ‘തെറി പാടുക എന്നതിനെ അശ്ലീലമായാണ് സാമൂഹിക പൊതുബോധം കരുതുന്നത്. ഓരോ തെറികൾക്കും ശക്തമായ ചരിത്രമുണ്ടന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

ഖജുരാഹോയിലും മറ്റും കാണുന്ന രതിശില്‍പങ്ങള്‍, ശിവലിംഗാരാധന, കൊറിയയിലും മറ്റും ഇന്നും ആചരിച്ചുവരുന്ന ഫാല്ലസ് വര്‍ഷിപ്പ് ഒക്കെ ഉര്‍വരതാ ആരാധനയുടെ ഭാഗമാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ പ്രത്യക്ഷ രതി ഒഴിവാക്കി പരോക്ഷമാക്കുന്നു, അതിന്റെ ഭാഗമായിരുന്നു ബിംബവത്കരണം. കൊടുങ്ങല്ലൂരിലെ തെറിപ്പാട്ട്. രതിയുമായി ബന്ധപ്പെട്ട കഥകള്‍ പാടുകയാണിവിടെ ചെയ്യുന്നത്.

ഭരണിക്ക് കാവിലെത്തുന്നവര്‍ ദേവിക്ക് സമര്‍പ്പിക്കുന്ന പ്രധാന വഴിപാട് കുരുമുളകും മഞ്ഞളുമാണ്. നമ്മുടെ ഏറ്റവും വലിയ കയറ്റുമതി ഉത്പന്നങ്ങളായിരുന്നില്ലെ ഇതൊക്കെ. അപ്പൊൾ ഈ വഴിപാടിനുതന്നെ ഏകദേശം രണ്ടായിരം വര്‍ഷത്തോളം പഴക്കമുണ്ടാകും

തല തന്നെ പോയാലും തെറി തന്നെ പാടണം

തല തന്നെ പോയാലും തെറി തന്നെ പാടണം, അതുകൊണ്ട് ദേവിക്ക് കോപമില്ല.. എന്നാണ് പാട്ടില്‍ പറയുന്നത് ഭരണിക്ക് തെറിപ്പാട്ട് പാടുന്നത് കാർഷിക വൃത്തിക്കായുള്ള അഭ്യർഥന കൂടിയാകുന്നു. ലോകത്താകമാനം നല്ലതു വരുത്തുവാനും തങ്ങളുടെ കൃഷിയിൽ നല്ല വിളവുണ്ടാകുവാനും നമുക്ക് മുന്നേ കടന്നു പോയവർ ഇങ്ങനെയാണ് വഴിപാട് കഴിച്ചിരുന്നത്.

നമ്മളൾ കാണുന്ന ഓരോ കാഴ്ചയ്ക്കും പിന്നിൽ പുരാതനകാലത്തോളം പഴക്കമുള്ളൊരു ചരിത്രമുണ്ട്. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ ചരിത്രത്തെ കുറിച്ചും സംസ്ക്കാരത്തെ കുറിച്ചും നമുക്ക് മുൻപ് കടന്നു പോയവരെ കുറിച്ചും അറിഞ്ഞിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്