ബിരിയാണി കഴിക്കാൻ തോന്നിയാൽ, എളുപ്പം തയ്യാറാക്കാം വെജിറ്റബിള്‍ ബിരിയാണി

ബിരിയാണി കഴിയ്ക്കാന്‍ തോന്നിയാൽ എളുപ്പത്തിലൊരു ബിരിയാണിയുണ്ടാക്കാം. ചിക്കനും മീനും ഒന്നുമില്ലെങ്കിൽ എളുപ്പത്തില്‍ ഒരു വെജിറ്റബിള്‍ ബിരിയാണി തയ്യറാക്കാം. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • ബസുമതി അരി-1 ഗ്ലാസ്
  • ബീന്‍സ്, ക്യാരറ്റ്, കോളിഫഌര്‍, ക്യാപ്‌സിക്കം- ചെറുതായി അരിഞ്ഞത് ആവശ്യത്തിന്
  • സവാള -1
  • തക്കാളി-1
  • പച്ചമുളക്-5
  • വെളുത്തുള്ളി-4
  • ഇഞ്ചി-ഒരു ചെറിയ കഷ്ണം
  • കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില-ആവശ്യത്തിന്
  • മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
  • മുളകുപൊടി-ഒരു സ്പൂണ്‍
  • നെയ്യ്-ആവശ്യത്തിന്
  • ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ്-ഇഷ്ടാനുസരണം
  • മല്ലിയില-ആവശ്യത്തിന്

തയ്യറാക്കുന്ന വിധം

ബിരിയാണിക്കുള്ള അരി കഴുകി അര മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കണം. ഇത് പിന്നീട് വെള്ളം ഊറ്റിയെടുത്തു വയ്ക്കുക. കറുവാപ്പട്ട, ഗ്രാമ്പൂ, വയനയില എന്നിവ ചൂടാക്കി പൊടിച്ചെടുക്കുക.

ഒരു പ്രഷര്‍ കുക്കറില്‍ നെയ്യ് ചൂടാക്കി അതിലേക്ക് അരിഞ്ഞ ഇഞ്ചി,വെളുത്തുള്ളി എന്നിവ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് എല്ലാ മസാലപ്പൊടികളും ചേര്‍ത്തിളക്കുക. നല്ല മണം വന്നു തുടങ്ങുമ്പോള്‍ സവാള ചേര്‍ക്കണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് തക്കാളിയും ചേര്‍ക്കുക. പിന്നീട് ഇതിലേക്ക് പച്ചക്കറികളും അരിയും ചേര്‍ത്ത് ചെറുതായി ഇളക്കണം. ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് കുക്കര്‍ അടച്ചു വച്ച് വേവിക്കുക.

വെന്ത ചോറില്‍ ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ നെയ്യില്‍ വറുത്തു ചേര്‍ക്കുക. സവാള കട്ടി കുറച്ച് അരിഞ്ഞതും വേണമെങ്കില്‍ ചേര്‍ക്കാം. പിന്നീട് മല്ലിയില കൊണ്ട് അലങ്കരിക്കാം. സാലഡു അച്ചാറും പപ്പടവും കൂട്ടി ഈ ബിരിയാണി കഴിച്ചു നോക്കൂ.

കുക്കറില്‍ വിസില്‍ വച്ച് അരി വേവിക്കാതിരിക്കുന്നതാണ്‌ നല്ലത്. ചോറ് വല്ലാതെ കുഴഞ്ഞു പോകും. അരി കഴുകിയെടുത്ത് നെയ്യില്‍ വറുത്ത ശേഷം പാകം ചെയ്താല്‍ അല്‍പം കൂടി രുചി ലഭിക്കും. കറുവാപ്പട്ട, ഗ്രാമ്പൂ, വയന എന്നിവയ്ക്കു പകരം എളുപ്പത്തിന് ഗരം മസാല ഉപയോഗിച്ചാലും മതി.