ഉച്ചയൂൺ കുശാലാക്കാൻ പ്രോണ്‍ റൈസ്

ലഞ്ച് ബോക്‌സില്‍ അല്‍പം വ്യത്യസ്തമായ എന്തെങ്കിലും നോണ്‍ വെജിറ്റേറിയന്‍ വിഭവം വേണമെന്നുണ്ടോ. എങ്കിൽ അല്പം വ്യത്യസ്തമായി പ്രോണ്‍ റൈസ് ഒന്നു പരീക്ഷിച്ചു നോക്കൂ.

ആവശ്യമായ ചേരുവകള്‍

  • ചെമ്മീന്‍ -10-15 എണ്ണം (തലയും തോടും കളഞ്ഞ് വൃത്തിയാക്കിയത്)
  • അരി – രണ്ടു കപ്പ് (പൊന്നി അരിയോ ബസ്മതി അരിയോ ഉപയോഗിക്കാം)
  • സവാള, തക്കാളി -ഒന്ന് (അരിഞ്ഞത്)
  • കാപ്‌സിക്കം – ഒന്ന് (അരിഞ്ഞത്)
  • ഇഞ്ചി, വെളുത്തുള്ളി -ഒരു സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
  • കുരുമുളക് – 6 എണ്ണം
  • കറുവാപ്പട്ട – രണ്ടെണ്ണം
  • ഏലയ്ക്ക – നാലെണ്ണം
  • ജാതിക്കാപ്പൊടി, ജീരകപ്പൊടി, കുരുമുളകു പൊടി – ഒരു സ്പൂണ്‍ വീതം
  • ഉപ്പ് -ആവശ്യത്തിന്
  • എണ്ണ – ആവശ്യത്തിന്
  • മല്ലിയില – ചെറുതായി അരിഞ്ഞത്

തയ്യറാക്കുന്ന വിധം

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ചെമ്മീനിട്ട് ചെറുതായി വറുത്തു മാറ്റി വയ്ക്കുക. പിന്നീട് എണ്ണയിലേക്ക് കുരുമുളക്, കരയാമ്പൂ, ഏലയ്ക്ക എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാളയിട്ട് വഴറ്റണം. വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇതിലേക്കു ചേര്‍ക്കുക. കാപ്‌സിക്കവും തക്കാളിയും ഉപ്പും ചേര്‍ത്ത് ഇളക്കുക. രണ്ടു മിനിറ്റു കഴിയുമ്പോള്‍ ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. എല്ലാം ചേര്‍ത്ത് രണ്ടു മിനിറ്റ് ഇളക്കിയ ശേഷം ഇതിലേക്ക് അരി ചേര്‍ത്ത് അല്‍പനേരം ഇളക്കണം.

ഇനിയാണ് ഇതിലേക്ക് വറുത്തുവച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ക്കേണ്ടത്. ചെമ്മീനും നാലു കപ്പു വെള്ളവും ചേര്‍ത്ത് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിക്കുക. ഒന്നോ രണ്ടോ വിസിലിനു ശേഷം വാങ്ങി വയ്ക്കാം. വെന്ത പ്രോണ്‍ റൈസിലേക്ക് മല്ലിയില അരിഞ്ഞത് ചേര്‍ക്കാം. അല്‍പം സാലഡും അച്ചാറുമുണ്ടെങ്കില്‍ വയറു നിറയെ തട്ടാം.

ചെമ്മീന്‍ അധികം വറുത്താല്‍ കട്ടി കൂടും. അതുകൊണ്ട് കുറഞ്ഞ തീയില്‍ അല്‍പനേരം മാത്രമെ വറുക്കാവൂ. അരിയില്‍ പാകത്തിന് വെള്ളമൊഴിച്ചു വേവിക്കേണ്ടതും പ്രധാനമാണ്.