കാലാവസ്ഥ കേന്ദ്രത്തിന്‍റെ ജാഗ്രതാ മുന്നറിയിപ്പ് ; പ്രഖ്യാപനവുമായി റിയാദ് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം കനത്ത മഴ പ്രവചിച്ച സാഹചര്യത്തില്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി റിയാദ് അധികൃതര്‍. റിയാദ് മേഖലയിലെ വിദ്യാഭ്യാസ വകുപ്പാണ് എല്ലാ സ്കൂളുകള്‍ക്കും ഇന്ന് (ബുധന്‍) അവധി പ്രഖ്യാപിച്ചത്. സ്കൂളുകള്‍ അടച്ചിടുമെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് മദ്രസാതി, റാവ്ദതി പ്ലാറ്റ്ഫോമുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത പ്ലാറ്റ്ഫോമുകളിലൂടെ വിദൂര പഠനം നടത്തും..

മഴയുടെ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഈ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ മേഖലയിലെ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് എന്നിവര്‍ക്കും തീരുമാനം ബാധകമാണെന്ന് അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയില്‍ വ്യാപകമായി വെള്ളക്കെട്ടും നാശനഷ്ടങ്ങളും ഉണ്ടായി. മക്കയിലും മദീനയിലും ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മക്ക മേഖലയിലെ വാദി ഹുറയിലാണ് മഴ കൂടുതൽ പെയ്തത്. വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്.

തായിഫിലും ശക്തമായ മഴ ലഭിച്ചു. മദീന മേഖലയിലെ അല്‍ ഈസ് ഗവര്‍ണറേറ്റില്‍ ശക്തമായ മഴ പെയ്തു. ഇതേ തുടര്‍ന്ന് താഴ്വാരങ്ങളിലും മറ്റും മഴവെള്ളം നിറഞ്ഞൊഴുകി. വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ മുങ്ങുകയും നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ജാഗ്രത പാലിക്കണമെന്ന് മദീന മേഖലയിലെ സൗദി സിവില്‍ ഡിഫന്‍സ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.