ഈ വർഷം ഏറ്റവും കൂടുതൽ ചുറ്റിയതും കറങ്ങിയതും ഒന്നും നമ്മൾ അല്ല അത് മറ്റൊരാൾ ആണ്.രാവെന്നോ പകലെന്നോ ഇല്ലാതെ കറങ്ങി കറങ്ങി കക്ഷി ഒരു വഴിക്കായിട്ടുണ്ട് .ആരാണ് എന്നല്ലേ അത് മറ്റാരും അല്ല നമ്മടെ സ്വന്തം ഫാൻ ആണ് .വെറും ഫാൻ അല്ല സീലിങ് ഫാൻ! എന്ത് കഷ്ടം ആണെന്ന് നോക്കണേ ഇത്രേം കറങ്ങി കറങ്ങി ചാവാറായാലും പറയും കാറ്റില്ല,ഭയങ്കര ശബ്ദം ,എന്നൊക്കെ ,പാവം .
അപ്പൊ ഈ ഫാൻ തന്നെയാണ് നമ്മുടെ വീട്ടിൽ ഇത്രേം കറന്റ് വലിക്കുന്നത് എന്നുടെ പറഞ്ഞാലോ ..പാവം ഫാൻ .

ഏകദേശം 70വാട്സ് അടുപ്പിച്ചുവരും ഒരു ഫാനിന്റെ പവർ. പത്തു മണിക്കൂർ ഒരു ഫാൻ പ്രവർത്തിക്കുമ്പോൾ 0.7യൂണിറ്റ് വൈദ്യുതി ആവും. അതായത് ഏകദേശം പതിനാല് മണിക്കൂർ കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി. തേപ്പുപെട്ടിയുടെ പവർ 750വാട്സ് ഒക്കെയാണ്. പക്ഷേ അത് ഉപയോഗിക്കുന്ന സമയം പത്തോ പതിനഞ്ചോ മിനിറ്റ് മാത്രമാണ്. എന്നാൽ ഫാനിന്റെ കാര്യം വരുമ്പോൾ അങ്ങനെയല്ല. ശരാശരി ഒരു ദിവസം 18 മണിക്കൂറോളം പ്രവർത്തിക്കുന്നുണ്ട് ഓരോ ഫാനും. ഒരു വീട്ടിൽ അഞ്ച് ഫാനുകൾ ഉണ്ടെന്നു കരുതൂ. ഓരോന്നും പതിനാല് മണിക്കൂർ വീതം പ്രവർത്തിക്കുന്നുണ്ട് എന്നും വയ്ക്കുക. എന്നാൽ ഒരു ദിവസം അഞ്ച് യൂണിറ്റ് വൈദ്യുതിയാണ് നാം ഉപയോഗിക്കുന്നത്.
മറ്റെല്ലാ വൈദ്യുത ഉപകരണങ്ങളും (എ. സി. ഒഴികെ) ഒരുമിച്ചു ചേർന്ന് എടുക്കുന്ന വൈദ്യുതിയുടെ അത്രതന്നെ ഫാനുകൾ മാത്രം ഉപയോഗിച്ചുതീർക്കും എന്നു സാരം.
അതിനാൽ വൈദ്യുതി ലാഭിക്കണമെങ്കിൽ ഫാനുകളുടെ ഉപയോഗം കുറയ്ക്കണം. പക്ഷേ ഈ ചൂടുകാലത്ത് അത് അത്ര എളുപ്പമല്ല. പകരം മറ്റൊരു വഴിയുണ്ട്. എല്ലാ ഫാനുകളും BLDC ആക്കുക. ഇപ്പോൾ ഉപയോഗിക്കുന്ന ഫാനുകളുടെ ഏതാണ്ട് പകുതി വൈദ്യുതിയേ BLDC മോട്ടോർ ഉപയോഗിക്കുന്ന ഫാനുകൾക്കാവൂ. ഇത്തരം ഫാനുകൾക്ക് കാശ് അല്പം കൂടുതലാണ്. പക്ഷേ ഒരു വർഷത്തെ ഉപയോഗം കൊണ്ട് ആ അധിക കാശ് പോക്കറ്റിൽ തിരിച്ചെത്തും.
ഇടിമിന്നൽ പോലുള്ള അധികവൈദ്യുതി വരുമ്പോൾ BLDC ഫാനുകൾ പെട്ടെന്നു കേടാവുന്നു എന്ന പ്രശ്നം നിലവിൽ പലയിടത്തും ഉണ്ട്. അതു മാത്രമാണ് BLDCയിലേക്കു മാറുന്നതിൽനിന്ന് പലരെയും പിന്തിരിപ്പിക്കുന്ന ഒരേയൊരു ഘടകം. മികച്ച സർക്യൂട്ട് ബ്രേക്കറുകളും മറ്റും ഉപയോഗിക്കുന്നിടത്ത് ഈ പ്രശ്നം ഇല്ല എന്നു കേൾക്കുന്നുണ്ട്. അതായത് നല്ല രീതിയിൽ ഇലക്ട്രിക് വയറിങ് വിഭാവനം ചെയ്താൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണ് ഇതെന്നു സാരം.
(വൈദ്യുത വാഹനങ്ങളിലെ മോട്ടോറുകൾ മിക്കവയും BLDC ഇനമാണ്. ബ്രഷ്‌ലെസ് ഡി. സി. എന്നതാണ് BLDC യുടെ പൂർണ്ണരൂപം. ഡി.സി. മോട്ടോറിന്റെ ഘടന സ്കൂൾക്ലാസിൽ പഠിച്ചവർക്ക് അതിൽ കോയിലിലേക്ക് വൈദ്യുതി കൊടുക്കാൻ ബ്രഷ് ഉപയോഗിക്കുന്ന സംവിധാനത്തെക്കുറിച്ച് അറിയാമായിരിക്കും. ആ ബ്രഷ് ഒഴിവാക്കിയുള്ള മോട്ടോർ ടെക്നോളജിയാണ് ബിഎൽഡിസി. കോയിൽ കറങ്ങുന്നതിനു പകരം കാന്തം കറങ്ങിക്കോട്ടേ എന്നു പറയുന്ന ഒരു തരം ടെക്നോളജി! ഈ ടെക്നോജിക്ക് അല്പം ഇലക്ട്രോണിക് സർക്യൂട്ടുകൾ ആവശ്യമുണ്ട് എന്നുമാത്രം