മുംബൈ: നദ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിയുതിർത്ത കേസിൽ കസ്റ്റഡിയിലിരിക്കെ പ്രതികളിലൊരാൾ ജീവനൊടുക്കി. അനൂജ് തപാൻ (32) ആണു മരിച്ചത് ആത്മഹത്യ ചെയ്തത്. ഏപ്രിൽ 26ന് പഞ്ചാബിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലായിരുന്ന അനൂജ് ആത്മഹത്യയ്ക്കു ശ്രമിച്ചെന്നും മുംബൈയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു.
ലോക്കപ്പിലെ മരണം കൊലപാതകമായാണു റിപ്പോർട്ട് ചെയ്യപ്പെടുകയെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സിഐഡി വിഭാഗം ചോദ്യം ചെയ്യുമെന്നും മഹാരാഷ്ട്രയിലെ മുതിർന്ന മുൻ പൊലീസ് ഉദ്യോഗസ്ഥൻ പി.കെ.ജെയിൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.
വെടിയുതിർത്തതായി ആരോപിക്കപ്പെടുന്ന വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരും കസ്റ്റഡിയിലുണ്ട്. ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി 4 പ്രതികൾക്കും ബന്ധമുണ്ടെന്നാണു സൂചന. ബുധനാഴ്ച രാവിലെ പതിനൊന്നോടെ ലോക്കപ്പിനോട് ചേർന്നുള്ള ശുചിമുറിയിലാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണു വിവരം.
നാലഞ്ചു പൊലീസുകാരുടെ കാവലിലാണു പ്രതി ലോക്കപ്പിൽ കഴിഞ്ഞിരുന്നത്. ഇയാളും മറ്റൊരു പ്രതിയായ സോനു സുഭാഷ് ചന്ദറും ചേർന്ന് ഏപ്രിൽ 14ന് സൽമാന്റെ മുംബൈയിലെ വസതിക്കു പുറത്ത് വെടിവച്ചെന്നാണു കേസ്. അനൂജ് ജീവനൊടുക്കാൻ എന്താണു കാരണമെന്ന് അന്വേഷിക്കണമെന്നു പൊലീസ് പറഞ്ഞു.