ദിവസസേന സംഗീതം ആസ്വാദിക്കാനും മറ്റു ഉപയോഗങ്ങൾക്കുമായി ഇയർഫോൺ ഉപയോഗിക്കുന്നവരാണോ നിങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന മിക്കവരും ഇയർഫോണുകൾ ഉപയോഗിക്കുന്നവരാണ് ഇന്നുളളത്. ഫോൺ വിളിക്കാനും പാട്ടുകളും പോഡ്കാസ്റ്റുകൾ കേൾക്കാനും സിനിമകളും സീരീസുകൾ കാണാനും ഇയർ ബഡ് അടക്കമുള്ള ഇയർ ഫോണുകൾ ഉപയോഗിക്കുന്നവരുണ്ട്. മണിക്കൂറൂകൾ ഇയർഫോണുകൾ ചെവിയിൽ തിരുകി മുഴുകിയിരിക്കുന്നവർ നമ്മുടെ ചുറ്റിനുമുണ്ട്. എന്നാൽ ഇയർ ഫോണുകളുടെ അമിതമായ ഉപയോഗം മനുഷ്യന്റെ കേൾവിശേഷിയെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഉയർന്ന അളവിലുള്ള ശബ്ദം നമ്മുടെ കേൾവി ശക്തിയെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയുന്നതാണ്. ചെവിയിൽ തിരുകിയ ഇയർഫോണുകൾ വഴി അധികമായി ശബ്ദം കടന്നു വരുന്നതും കേൾവിയെ ശക്തമായി ബാധിക്കും. എന്നാൽ ഇയർഫോണുകളിലൂട വരുന്ന ശബ്ദം ചെവിയുടെ ഉള്ളിലുള്ള മൃദുലവും നേർത്തതുമായ രോമകോശങ്ങളെ നശിപ്പിക്കും. ശബ്ദ തരംഗങ്ങളെ വൈദ്യതി തരംഗങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഇത്തരം രോമകോശങ്ങൾക്ക് ആഘാതം സംഭവിക്കുന്നത് കേൾവിശേഷിയെ ഗുരുതരമായി തന്നെ ബാധിക്കും. പതിവായി ഇയർഫോണുകൾ ഉപയോഗിക്കുന്നത് ചെവിയിൽ അണുബാധ ഉണ്ടാകുന്നതിന് കാരണമാകും.
നിരന്തരമായുള്ള ഹെഡ്ഫോൺ ഉപയോഗം ചെവിയിൽ ഈർപ്പവും ബാക്ടീരിയയും നിലനിർത്തുകയും ഇത് അണുബധയ്ക്ക് കാരണമാവുകയും ചെയ്യും. ഒരാൾ ഉപയോഗിച്ച ഇയർഫോണുകൾ മറ്റുള്ളവരുമായി പങ്കിടുന്നതും കാര്യമായ അണുബാധയ്ക്കും കേൾവിക്കുറവിനും കാരണമാകും.