റിയാദ് : സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിൻ്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നൽകാൻ തയ്യാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. 34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിൻ്റെ അഭിഭാഷകൻ കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ റഹീമിനു മാപ്പു നൽകണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ദയാധനം സ്വീകരിച്ച് റഹീമിന് മാപ്പ് നൽകാൻ തയ്യാറാണെന്ന് കുടുംബം കോടതിയെ അറിയിച്ചത്. അഭിഭാഷകൻ മുഖേനെയാണ് ഈ വിവരം കുടുംബം കോടതിയെ അറിയിച്ചത്. ഇതിനായുള്ള തുടർനടപടികൾ തുടരുകയാണ്. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യൻ എംബസി വിദേശകാര്യ മന്ത്രാലയത്തിൻ്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിൻ്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികൾ കൈകോർക്കുകയായിരുന്നു.