ന്യൂഡല്‍ഹി: എസ്.എൻ.സി ലാവ്‍ലിൻ കേസ് സുപ്രിംകോടതി ഇന്നും പരിഗണിച്ചില്ല. മറ്റുകേസുകൾ നീണ്ടുപോയതിനാലാണ് ഇന്ന് പരിഗണിക്കാതിരുന്നത്. ഹരജിയിൽ അന്തിമ വാദം കേൾക്കൽ ഇന്ന് നിശ്ചയിച്ചിരുന്നു. 113-ാം നമ്പർ കേസായാണ് ലാവലിൻ കോടതിയിൽ ലിസ്റ്റ് ചെയ്തിരുന്നത്.
എന്നാൽ കേസ് നമ്പർ 101 ന്‍റെ വാദം നീണ്ടുപോയതിനാലാണ് ലാവലിൻ കേസ് പരിഗണനയ്ക്ക് എടുക്കാതിരുന്നത്. 101-ാം കേസിന്‍റെ വാദത്തിനു ശേഷം രണ്ടു കേസുകളുടെ വാദം കൂടി കോടതിയിൽ നടന്നു. പിന്നാലെ സമയം അവസാനിച്ചതിനാൽ കോടതി ഇന്നത്തേക്ക് പിരിയുകയായിരുന്നു.
ലാവലിന്‍ കേസില്‍ സുപ്രീംകോടതിയിൽ ഇന്ന് അന്തിമവാദം തുടങ്ങും എന്നായിരുന്നു വിവരം. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കാനിരുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്. കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സർക്കാരിന് സംഭവിച്ചുവെന്നുമാണ് കേസ്. ആറു വർഷമായി നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹരജികളുമാണ് സുപ്രിംകോടതി പരിഗണിക്കാനിരുന്നത്.
പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്നു ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സി.ബി.ഐ സുപ്രിംകോടതിയെ സമീപിക്കുന്നത്. 2018 ജനുവരി ഒന്നിന് നോട്ടീസ് അയച്ചു. കൂടുതൽ രേഖകൾ സമർപ്പിക്കാനുണ്ടെന്ന കാരണം പറഞ്ഞ് കക്ഷികൾ കേസ് മാറ്റിവയ്ക്കാൻ അപേക്ഷ നൽകാൻ തുടങ്ങിയതോടെ വാദം കേൾക്കൽ അനന്തമായി നീണ്ടുതുടങ്ങി.
അപ്പീൽ നൽകിയ സി.ബി.ഐ വരെ മാറ്റിവയ്ക്കണമെന്നു ആവശ്യപ്പെട്ടു. ഇതിനിടയിൽ കേസ് പരിഗണിച്ച ജസ്റ്റിസുമാരായ എൻ.വി രമണ , യു.യു ലളിത് , എം ആർ ഷാ എന്നിവർ സുപ്രിംകോടതിയിൽ നിന്നും വിരമിച്ചു . കേസിന്‍റെ വാദം പോലും തുടങ്ങാൻ കഴിഞ്ഞില്ല. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്. കേസ് വാദിക്കാൻ തയ്യാറാണെന്ന് പിണറായി വിജയന്‍റെ അഭിഭാഷകൻ അറിയിച്ചപ്പോഴും മാറ്റിവയ്ക്കണമെന്ന അപേക്ഷയാണ് സി.ബി.ഐ പലപ്പോഴും സുപ്രിംകോടതിയിൽ സമർപ്പിച്ചത്.