കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃണമൂൽ കോൺഗ്രസിനെതിരേ വിവാദ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അധിർ രഞ്ജൻ ചൗധരി. തൃണമൂലിന് വോട്ടുചെയ്യുന്നതിനേക്കാൾ നല്ലത് ബി.ജെ.പിക്ക് വോട്ടുചെയ്യുന്നതാണെന്നുള്ള അധിർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. തൃണമൂൽ കോൺഗ്രസിനെ വിമർശിച്ചായിരുന്നു പ്രസംഗം.
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം ഇല്ലാതാവും. തൃണമൂലിന് വോട്ടുചെയ്യന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതാണ്. ഇങ്ങനെയായിരുന്നു അധീറിന്റെ പ്രസ്താവന.
വീഡിയോ പുറത്തുവന്നതോടെ അധീര്‍ ബംഗാളില്‍ ബി.ജെ.പിയുടെ ബി.ടീമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണമുന്നയിച്ചുകൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ കണ്ണും ചെവിയമായി പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ അവരുടെ ശബ്ദമായും ചൗധരി മാറിയെന്ന് തൃണമൂല്‍ ആരോപിച്ചു. ഇത് ജനങ്ങള്‍ തിരിച്ചറിയണമെന്നും തൃണമൂല്‍ എക്‌സില്‍ പരാമര്‍ശിച്ചു.
അതേസമയം, വീഡിയോയെക്കുറിച്ച് കൂടുതൽ അറിയില്ലെന്നായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശിന്റെ പ്രതികരണം. ഏത് സന്ദർഭത്തിലാണ് അധീർ അങ്ങനെ പറഞ്ഞതെന്ന് പരിശോധിക്കും. ബി.ജെ.പി ജയിക്കുന്ന സീറ്റുകളുടെ എണ്ണം വലിയ തോതിൽ കുറയ്ക്കുക എന്നത് മാത്രമാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇത് നിയമസഭാ തെരഞ്ഞെടുപ്പല്ല, പാർലമെന്റ് തെരഞ്ഞെടുപ്പാണ്. ഇടത് പാർട്ടികളും കോൺഗ്രസും ഇൻഡ്യ മുന്നണിയിലുണ്ട്. സീറ്റ് വിഭജനം നടന്നിട്ടില്ലെങ്കിലും തൃണമൂൽ കോൺഗ്രസും സഖ്യത്തിന്റെ ഭാഗമാണെന്നും ജയറാം രമേശ് പറഞ്ഞു.
25 വർഷമായി ബഹ്‌റാംപുരിൽ നിന്നുള്ള എം.പിയാണ് അധീർ രഞ്ജൻ ചൗധരി. ഇത്തവണയും അധീർ തന്നെയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. അധിറിനെതിരേ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ രംഗത്തിറക്കിയിരിക്കുന്നത്.