ബംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം എന്നാണ് കത്തിലെ ആവശ്യം. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നു. ഡിപ്ലോമാറ്റിക് പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. രാജ്യത്തെ നിയമപ്രകാരം അന്വേഷണവും വിചാരണയും നേരിടാൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം. നയതന്ത്ര, പൊലീസ് മാർഗങ്ങൾ ഉപയോഗിച്ച് മറ്റ് നടപടികൾ സ്വീകരിക്കാൻ വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളോട് ആവശ്യപ്പെടണമെന്നും കത്തിൽ സിദ്ധരാമയ്യ അപേക്ഷിക്കുന്നു.
ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ ട്വീറ്റ് ചെയ്തു. പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്.