വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; ഫലപ്രഖ്യാപനത്തിന് ശേഷവും വിവിപാറ്റ് സൂക്ഷിക്കണം; നിർ‌ണായക നിർദേശം

ന്യൂഡൽഹി: വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഫലപ്രഖ്യാപനത്തിന് ശേഷം വോട്ടിങ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കണമെന്ന നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് പുതിയ പ്രോട്ടക്കോള്‍.

വിവിപാറ്റുകള്‍ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളവര്‍ എഴുതി നല്‍കിയാല്‍ വോട്ടിങ് യന്ത്രം നിര്‍മ്മിച്ച എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

ഏതെങ്കിലും ബൂത്തിലെ വോട്ടിങ് യന്ത്രം തിരിച്ചറിയാന്‍ സ്ഥാനാര്‍ത്ഥിയുടെ ക്രമ നമ്പര്‍ സീരിയല്‍ നമ്പറുമായി ഒത്തുനോക്കണമെന്നും എന്നതുള്‍പ്പെടെയുള്ള നിര്‍ദേശവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇലക്ട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) മൂന്നു ഭാഗങ്ങളാണുള്ളത്– ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ്. മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരും ചിഹ്നവും വിവിപാറ്റിൽ അപ്‍ലോഡ് ചെയ്യാനാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് (എസ്‍എൽയു) ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നു പുറത്തിറക്കിയ ഉത്തരവിലാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റുകൾ കൈകാര്യം ചെയ്യുന്നതിൽ അവശ്യ നടപടികൾ സ്വീകരിക്കാൻ എല്ലാ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാർക്കും നിർദേശം നൽകിയത്. നേരത്തേ പ്രാദേശിക പോൾ ഓഫിസർമാരാണ് ചിഹ്നങ്ങൾ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്തിരുന്നത്.