ഹൈദരാബാദ്: കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. ബുധൻ രാത്രി 8 മുതലാണ് വിലക്കുള്ളത്. കോണ്‍ഗ്രസ് നേതാവ് ജി നിരഞ്ജന്റെ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
2024 ഏപ്രില്‍ അഞ്ചിന് സിര്‍സില്ലയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ബിആര്‍എസ് നേതാവ് കെ ചന്ദ്രശേഖര റാവു നടത്തിയ അപകീര്‍ത്തികരമായ പ്രസ്താവനയുടെ പേരിലാണ് നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. റാവുവിന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുസംബന്ധിച്ച നോട്ടിസ് നൽകി. നടപടിക്ക് കാരണമായ പ്രസംഗത്തിനെതിരെ കെസിആറിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി കമ്മിഷൻ അറിയിച്ചു.
ഏപ്രിൽ ആറിനാണ് കെസിആറിന് എതിരെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി.നിരഞ്ജൻ പരാതി നൽകിയത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 324 പ്രകാരം പൊതുസമ്മേളനം, പൊതുപ്രകടനം, പൊതുറാലികള്‍, അഭിമുഖം, ഷോകള്‍, മാധ്യമങ്ങളിലൂടെയുള്ള പ്രതികരണം തുടങ്ങിയവയില്‍ നിന്നാണ് ചന്ദ്രശേഖര്‍ റാവുവിനെ വിലക്കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലും ചന്ദ്രശേഖര്‍ റാവു പെരുമാറ്റച്ചട്ടം ലംഘിച്ചിരുന്നുവെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചന്ദ്രശേഖര്‍ റാവു നായ്ക്കളോട് ഉപമിച്ചുവെന്ന പരാതിയില്‍ കഴമ്പുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലത്‌ഖോര്‍ എന്ന് വിളിച്ചുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിലെ ചില വാക്കുകള്‍ സന്ദര്‍ഭത്തിന് വിരുദ്ധമായി അടര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് ചന്ദ്രശേഖര്‍ റാവുവിന്റെ വിശദീകരണം.