മന്ത്രി ഗണേശ് കുമാര്‍ ഇടപെട്ടു; മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മേയറും കെഎസ്‌ആർടിസി ഡ്രൈവറും തമ്മിൽ വാക്പോര് നടന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ പൊലീസ് കേസെടുത്തു. ത​മ്പാ​നൂ​ർ പോ​ലീ​സാ​ണ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​ത്. ‌‌

മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ കെ​എ​സ്ആ​ർ​ടി​സി എം​ഡി​ക്ക് ന​ൽ​കി​യ നി​ർ​ദേശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കെ​എ​സ്ആ‌​ർ​ടി​സി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. മേയർ ആര്യ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെടുമ്പോൾ ഡ്രൈവർ യദു ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് നഷ്ടപ്പെട്ടതിൽ അന്വേഷണം നടത്താൻ മന്ത്രി കെബി ഗണേശ് കുമാർ നിർദ്ദേശം നൽകിയിരുന്നു.

ബ​സി​നു​ള്ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ഇ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മെ​മ്മ​റി കാ​ർ​ഡ് കാ​ണ്മാ​നി​ല്ലെ​ന്ന​ത് വ്യ​ക്ത​മാ​യ​ത്. ബ​സി​ലെ ഡി​വി​ആ​ർ അ​ട​ക്കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന​തി​ൽ അ​ട​ക്കം വ്യ​ക്ത​ത വ​രു​ത്താ​ൻ ബ​സി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്.

മെമ്മറി കാർഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവർ യദു പറഞ്ഞത്. താൻ ബസ് ഓടിക്കുമ്പോൾ സിസിടിവി പ്രവർത്തിച്ചിരുന്നെന്നും ദൃശ്യങ്ങൾ പുറത്തുവരണമെന്നും യദു പറഞ്ഞിരുന്നു. തൃശൂരിൽ നിന്ന് വണ്ടി പുറപ്പെട്ടത് മുതൽ ക്യാമറ പ്രവർത്തിച്ചിരുന്നു. പാർട്ടിക്കാർ ആരോ കാർഡ് മാറ്റിയതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും യദു ചൂണ്ടിക്കാട്ടിയിരുന്നു.

പാളയം സാഫല്യം കോംപ്ലക്സിന് സമീപം മേയറുടെ കാർ കുറുകെയിട്ട് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.

ക്യാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് തമ്പാനൂർ ഡിപ്പോയിലുള്ളത്. ഇതിൽ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാർഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാർഡ് മാത്രമാണ് കാണാതായത്. പ്രശ്നം നടന്ന ശേഷം ആരോ മെമ്മറി കാർഡ് എടുത്തുമാറ്റിയതാണെന്നാണ് വ്യക്തമാകുന്നത്. മേയർ ആര്യാ രാജേന്ദ്രനും കെ എസ് ആർ ടി സി ബസ് ഡ്രൈവറും തമ്മിലെ തർക്കത്തിൽ ഈ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതീവ നിർണായകമാണ്. അതുകൊണ്ടുതന്നെ മെമ്മറി കാർഡ് കണ്ടെത്തേണ്ടത് അന്വേഷണത്തിലും നിർണായകമാണ്.