തിരുവനന്തപുരം: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ പൊലീസിൽ പരാതി നൽകി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ, ടി.ജി നന്ദകുമാർ എന്നിവർക്കെതിരെയാണ് പരാതി.
തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. നേരത്തെ ശോഭ സുരേന്ദ്രൻ, ദല്ലാൾ നന്ദകുമാർ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർക്ക് ഇ.പി. ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് പിന്നാലെയാണിപ്പോള്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്. തന്നെയും പാര്‍ട്ടിയെയും അധിക്ഷേപിക്കുന്നതിനും കരിവാരി തേക്കുന്നതിനുമാണ് ഇത്തരം വിവാദങ്ങളെന്ന നിലപാടിലാണ് ഇപി ജയരാജൻ.
കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി, ബിജെപിയിലേക്ക് പോകാനൊരുങ്ങി എന്നതാണ് ഇപിക്കെതിരെ വന്നിട്ടുള്ള വിവാദം. ശോഭ സുരേന്ദ്രനാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍ വിഷയത്തില്‍ പിണറായിയെ കൂടി ചേര്‍ത്തുകൊണ്ടുള്ള വിശദീകരണങ്ങളും വെളിപ്പെടുത്തലുകളുമാണ് നന്ദകുമാര്‍ നടത്തിയത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവര്‍ക്കുമെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ജയരാജനും പാര്‍ട്ടിയും തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് വിവാദങ്ങൾക്ക് തിരികൊളുത്തി ഇ.പി-ജാവഡേക്കർ കൂടിക്കാഴ്ച നടന്നതിന് താൻ സാക്ഷിയാണെന്ന ആരോപണം ദല്ലാൾ നന്ദകുമാർ ഉന്നയിച്ചത്. പിന്നാലെ ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. എന്നാലിത് ഇ.പി തള്ളിയിരുന്നു. തുടർന്ന് ജയരാജൻ ബി.ജെ.പിയിലേക്ക് പോകാൻ ശ്രമിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയനുൾപ്പടെ ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നെന്നും വെളിപ്പെടുത്തി ശോഭാ സുരേന്ദ്രനും രംഗത്തെത്തി.