തിരുവനന്തപുരം: പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ബുധനാഴ്ച രേഖപ്പെടുത്തിയത് സാധാരണയേക്കാൾ ഉയര്‍ന്ന താപനില. പാലക്കാട് ഉയർന്ന താപനില സാധാരണയെക്കാൾ 3.7 ഡിഗ്രി സെൽഷ്യസ് കൂടുതലും കോഴിക്കോട് ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് കൂടുതലും രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ഈ ജില്ലകളിലും സമീപ ജില്ലകളിലും വ്യാഴാഴ്ചയും പ്രത്യേക ശ്രദ്ധ തുടരണം. മറ്റു ജില്ലകളിലും ചൂട് കൂടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് ഒന്നു മുതൽ മെയ് രണ്ടുവരെ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും അടുത്ത ദിവസങ്ങളിലും പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.
ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ-ഭരണേതര സംവിധാനങ്ങളും ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.