രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷന്‍; അമേഠിയിലും റായ്ബറേലിയിലും നാളെ തീരുമാനം: കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കേണ്ടത് കോൺഗ്രസ് അധ്യക്ഷനാണെന്നും അനുയോജ്യരായവരെ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളാക്കുകയെന്നും കോൺഗ്രസിന്‍റേ ദേശീയ നേതാവ് കെസി വേണുഗോപാല്‍. അപ്രതീക്ഷിത സ്ഥലങ്ങളിൽ പോലും ഇന്ത്യ മുന്നണിക്ക് നല്ല മുന്നേറ്റമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്‍ബറേലിയിലും ഇറങ്ങുമോയെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

പ്രധാനമന്ത്രിയുടെ മുസ്ലിം വിരുദ്ധ പ്രസംഗമുണ്ടായത് അദ്ദേഹത്തിന്‍റെ നിരാശയില്‍ നിന്നാണെന്നും വേണുഗോപാല്‍ പറഞ്ഞു. ഏതെങ്കിലും വിഭാഗക്കാരെ സന്തോഷിപ്പിക്കാനാണോ പ്രസംഗിക്കുന്നത്, പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ജനങ്ങൾ വീഴില്ല, രാജ്യത്തിന് മുറിവുകളുണ്ടാക്കുന്ന പരാമർശം പ്രധാനമന്ത്രിയിൽ നിന്നുണ്ടായി, യഥാർഥ പ്രശ്നങ്ങളിൽ നിന്നും പ്രധാനമന്ത്രി ഒളിച്ചോടുകയാണ്, തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് ഒരു പ്രതീക്ഷയുമില്ലാത്ത പ്രതികരണമുണ്ടാകുന്നു, സുതാര്യത ഇല്ലാത്ത പ്രവർത്തനമാണ് കമ്മീഷൻ തുടരുന്നത്, പ്രധാനമന്ത്രിക്ക് കൊടുക്കേണ്ട നോട്ടീസ് പാർട്ടി അധ്യക്ഷനാണ് കൊടുത്തതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴും അമേഠിയിലേയും റായ്ബറേലിയിലേയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പാര്‍ട്ടി വെളിപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും ചര്‍ച്ച പുരോഗമിക്കുകയാണെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

രാഹുല്‍ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും മത്സരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പട്ടിരുന്നത്. എന്നാല്‍ രണ്ടുപേരും നിലപാടറിയിക്കാത്തത് പ്രതിസന്ധിയായി. രാഹുല്‍ ഗാന്ധി ഇന്ന് കര്‍ണാടകത്തിലും നാളെ മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.