തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കേസെടുത്ത് പൊലീസ്. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാട്സപ്പിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. മേയര്‍–ഡ്രൈവര്‍ തര്‍ക്കത്തിന് പിന്നാലെയായിരുന്നു വ്യാപക അധിക്ഷേപം. മേയര്‍ നല്‍കിയ പരാതിയിലാണ് കേസ്.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമന്റുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്തു വെച്ചാണ് കെഎസ്ആര്‍ടിസി ഡ്രൈവറും മേയറും തമ്മില്‍ തര്‍ക്കമുണ്ടായത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.
അതേസമയം, മെമ്മറി കാര്‍ഡ് കാണാതായ സംഭവം അന്വേഷിക്കാന്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. കാമറ ഉള്ള നാല് ഫാസ്റ്റ് പാസഞ്ചര്‍ തമ്പാനൂര്‍ ഡിപ്പോയില്‍ ഇന്നുണ്ട്. ഇതില്‍ ബാക്കി മൂന്ന് ബസുകളിലും മെമ്മറി കാര്‍ഡുണ്ട്. വിവാദങ്ങളിലായ ഈ ബസിലെ മെമ്മറി കാര്‍ഡ് മാത്രമാണ് കാണാതായത്. അന്വേഷിക്കാന്‍ കെഎസ്ആര്‍ടി എംഡിക്ക് നിര്‍ദേശം നല്‍കിയതായും ഗണേഷ് കുമാര്‍ അറിയിച്ചു.