ചെന്നൈ: ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ച് പ്ലേഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബ് കിംഗ്‌സ്. 163 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് നേടുകയായിരുന്നു. പുറത്താവാതെ ശശാങ്ക് സിംഗും ക്യാപ്റ്റന്‍ സാം കറനുമാണ് പഞ്ചാബിന് ജയമുറപ്പിച്ചത്. ജോണി ബെയ്ർസ്റ്റോ, റൈലി റൂസ്സോ എന്നിവരുടെ ഇന്നിംഗ്സുകളും നിർണായകമായി.
സ്വന്തം തട്ടകമായ ചെപ്പോക്കിൽ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറിയുമായി ഋതുരാജ് ഗെയിക്‌വാദ് ടോപ് സകോററായി. 48 പന്തിൽ 62 റൺസാണ് ചെന്നൈ നായകൻ നേടിയത്. അവസാന ഓവറിൽ ക്രീസിലേക്കെത്തിയ എംഎസ് ധോണി 11 പന്തിൽ 14 റൺസ് നേടി പതിവുപോലെ ഫിനിഷറുടെ റോൾ ഭംഗിയാക്കി.
അജിങ്ക്യ രഹാനെ (24 പന്തില്‍ 29), ശിവം ദുബെ (1 പന്തില്‍ 0), രവീന്ദ്ര ജഡേജ (4 പന്തില്‍ 2), സമീര്‍ റിസ്‌വി (23 പന്തില്‍ 21), മൊയീന്‍ അലി (9 പന്തില്‍ 15), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ 14*) എന്നിങ്ങനെയായിരുന്നു മറ്റ് സിഎസ്‌കെ താരങ്ങളുടെ സ്കോറുകള്‍.
പഞ്ചാബിനായി സ്പിൻബൗളർമാരയ രാഹുൽ ചഹാറും ഹർപ്രീത് ബ്രാറും രണ്ട് വിക്കറ്റ് വീഴ്ത്തി.
163 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പഞ്ചാബിന് നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനെ (13) നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ തകര്‍ത്തടിച്ച ബെയര്‍സ്റ്റോ – റൂസ്സോ സഖ്യം മത്സരം പഞ്ചാബിന്റെ വരുതിയിലാക്കി. 64 റണ്‍സാണ് ഈ കൂട്ടുകെട്ട് പഞ്ചാബ് സ്‌കോര്‍ബോര്‍ഡിലെത്തിച്ചത്. 30 പന്തില്‍ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 46 റണ്‍സെടുത്ത ബെയര്‍സ്റ്റോടെ മടക്കി ശിവം ദുബെ ഒടുവില്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
എങ്കിലും റൂസ്സോ റണ്‍റേറ്റ് താഴാതെ കാത്തു. 12-ാം ഓവറില്‍ ശാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 23 പന്തില്‍ നിന്ന് രണ്ട് സിക്‌സറുകളുടെയും അഞ്ച് ഫോറിന്റെയും അകമ്പടിയോടെ 43 റണ്‍സെടുത്തിരുന്നു റൂസ്സോ.
നിലയുറപ്പിച്ചിരുന്ന രണ്ട് ബാറ്റര്‍മാരും പുറത്തായതോടെ മികച്ച ബൗളിങ്ങുമായി ചെന്നൈ, പഞ്ചാബിനെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശശാങ്ക് സിങ് – ക്യാപ്റ്റന്‍ സാം കറന്‍ സഖ്യം കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശശാങ്ക് 25 രണ്‍സോടെയും കറന്‍ 26 റണ്‍സോടെയും പുറത്താകാതെ നിന്നു.