ന്യൂഡൽഹി : ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ് വ്യാഴാഴ്ച പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി. ജസ്റ്റീസ് സൂര്യകാന്തിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് പരിഗണനയ്‌ക്ക് എത്തുക. ബുധനാഴ്ച ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റൊരു കേസിന്റെ വാദം നീണ്ടു പോയതിനാൽ പരിഗണിച്ചില്ല. പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ട് 2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാൽ കേസ് അനന്തമായി നീണ്ടുപോകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുളളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലും ഹൈക്കോടതി വിധിക്കെതിരെ കേസിലെ മറ്റ് പ്രതികൾ നൽകിയ ഹർജിയുമാണ് കോടതിയുടെ പരിഗണനയിലുളളത്. പിണറായി വിജയനെ കൂടാതെ മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ഊർജ്ജ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെയാണ് വിചാരണ കൂടാതെ കുറ്റ വിമുക്തരാക്കിയത്.
ബുധനാഴ്ച 113 ാം നമ്പർ കേസായി ലാവ് ലിൻ ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇതിന് മുൻപ് പരിഗണിച്ച ഒരു കേസിന്റെ വാദം അനന്തമായി നീണ്ടു പോയതോടെ ലാവ് ലിൻ പരിഗണിക്കാൻ സമയം തികയാതെ വരികയായിരുന്നു. എസ്എൻസി ലാവ് ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയതിലൂടെ സംസ്ഥാന സർക്കാരിന് 375 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കേസ്.