നിയന്ത്രണം വിട്ട ലോറി മെട്രോ തൂണിൽ ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. മത്സ്യവുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് ഇടിച്ചത്. ആലുവയിൽ ഇന്ന് പുലർച്ചെ 1.50 നായിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം
അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ വിമാനത്താവള പരിസരത്ത് നിന്നും വന്ന ഒരു കാർ അപകടത്തിൽ പെട്ട ലോറി കാണാൻ പെട്ടെന്ന് നിർത്തിയപ്പോൾ പിന്നിൽ മറ്റൊരു കാറിടിച്ചും അപകടമുണ്ടായി. ഈ അപകടത്തിൽ ഒരാൾക്ക് നിസാര പരിക്കേറ്റു.
അതേസമയം, സംസ്ഥാനത്തെ ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് പണിമുടക്കിനൊരുങ്ങി ഡ്രൈവിങ് സ്കൂളുകള്‍. ഇന്നു മുതല്‍ അനിശ്ചിത കാലത്തേക്കാണ് സ്കൂള്‍ ഉടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പരിഷ്കരണം നടപ്പാക്കുന്നതിനായി ഇറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ഡ്രൈവിങ് സ്കൂളുകളുടെ ആവശ്യം.
ഇന്നു മുതല്‍ പരിഷ്കാരം നടപ്പിലാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം. മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണിത്. മന്ത്രിയുടെ നിർദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകള്‍ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.