ന്യൂഡൽഹി: ഭാര്യയെക്കുറിച്ചും തന്നെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് പ്രശസ്ത ഇന്ത്യന്‍ യുട്യൂബര്‍ ധ്രുവ് റാഠി. ധ്രുവിന്‍റെ യഥാര്‍ഥ പേര് ബദ്രുദ്ദീന്‍ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാര്‍ഥ പേര് സുലൈഖ എന്നാണന്നും അവര്‍ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‍റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചരണമുണ്ടായി.
ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്സ്ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചത്.
‘‘ഞാൻ ചെയ്ത വിഡിയോകളോട് അവര്‍ക്ക് ഒന്നും പ്രതികരിക്കാനില്ല. അതിനാലാണ് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കി വിടുന്നത്. ഭാര്യയെയും അവരുടെ കുടുംബത്തെയും ഇതിലേക്ക് വലിച്ചിഴച്ചത് വളരെ നിരാശാജനകമാണ്. ഐടി സെല്‍ ജീവനക്കാരുടെ ധാര്‍മികത എവിടെയാണ്?’’– ധ്രുവ് ചോദിച്ചു.
സര്‍ക്കാരിന്‍റെ നയങ്ങളും സമൂഹത്തിലെ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചും വിമര്‍ശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകള്‍ ചർച്ചയായിരുന്നു. ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന് ചോദിച്ച് ചെയ്ത വിഡിയോയ്ക്ക് വലിയ സ്വീകരണവും വിമര്‍ശനവും ലഭിച്ചു. ലഡാക്കിനെപ്പറ്റിയും ഇലക്ടറല്‍ ബോണ്ടിനെപ്പറ്റിയും ചെയ്തവയ്ക്ക് ദശലക്ഷക്കണക്കിന് കണക്കിന് കാഴ്ച്ചക്കാരുണ്ടായിരുന്നു. ഏറെ വിവാദമായ ‘ദ് കേരള സ്റ്റോറി’ സിനിമയെ കുറിച്ചും ധ്രുവ് ചെയ്തത വിഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു.