സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില സാധാരണയെക്കാൾ 3 .7 ഡിഗ്രി സെൽഷ്യസ് കൂടുതൽ രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില സാധാരണയേക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
മെയ് അഞ്ചുവരെ ഇടുക്കി,വയനാട് ഒഴികെയുള്ള ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് കനത്ത ചൂട് കൂടുന്നു. ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വൈക്കം തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീർ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ വൈക്കം ബീച്ചിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമാണ് ഷമീർ കളിക്കാനെത്തിയത്. ഇതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു.
പാലക്കാടും ഒരു സ്ത്രീയുൾപ്പെടെ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് എതിർപ്പണം ശബരി നിവാസിൽ പി രമണിയുടെയും അംബുജത്തിന്റെയും മകൻ ആർ ശബരീഷ് (27) ആണ് മരിച്ചത്. ഇന്നുരാവിലെ കൂട്ടുകാർക്കൊപ്പം നിൽക്കുന്നതിനിടെ അവശത അനുഭവപ്പെട്ട ശബരീഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പാലക്കാട് 56കാരി കുഴഞ്ഞുവീണ് മരിച്ചത്. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. ഇന്നുച്ചയോടെയാണ് സംഭവം. കുഴഞ്ഞുവീഴുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിലും പിന്നീട് മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതമാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.