നാടന്‍ രീതിയില്‍ കോഴിയിറച്ചി വയ്ക്കുന്നതിന്റെ സ്വാദ്, അത് ഒന്ന് വേറെ തന്നെയാ. മസാലകള്‍ അരച്ച് പിടിപ്പിച്ച് വരട്ടിയെടുക്കുന്ന കോഴി പെരളന്റെ മണം വായില്‍ വെള്ളമൂറിക്കും. കിടിലൻ സ്വാദിൽ നാടൻ കോഴി പെരളൻ തയ്യറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
ചേരുവ1
- കോഴി-1 കിലോ
- മഞ്ഞള്‍പ്പൊടി- ഒന്നര സ്പൂണ്‍
- സവാള-3 എണ്ണം
ചേരുവ 2
- ചുവന്ന മുളക്-8-10 എണ്ണം
- കുരുമുളക്-ആറെണ്ണം
- മുഴുവന്‍ മല്ലി -രണ്ട് ടേബിള്‍ സ്പൂണ്‍
- കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ-4
- പെരുഞ്ചീരകം-അര സ്പൂണ്‍
ചേരുവ 3
- ചെറിയ ഉള്ളി- കാല്‍ കപ്പ്
- വെളുത്തുള്ളി-പത്ത് അല്ലി
- ഇഞ്ചി- അര സ്പൂണ്‍
- കറിവേപ്പില, ഉപ്പ്- ആവശ്യത്തിന്
- കടുക്-വറുത്തിടാന്‍ പാകത്തിന്
തയ്യറാക്കുന്ന വിധം
കോഴി കഴുകി വൃത്തിയാക്കി അതില്‍ മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവപുരട്ടി വയ്ക്കുക. പിന്നീട് രണ്ടാമത്തെ ചേരുവകള്‍ ചൂടാക്കി വറുത്തുപൊടിച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റാക്കി കോഴിയിറച്ചില്‍ പുരട്ടി വയ്ക്കണം. അരമണിക്കൂര്‍ ഇത് പുരട്ടി വയ്ക്കുന്നതാണ് നല്ലത്.
പാത്രത്തില്‍ എണ്ണ ചൂടാക്കി ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ വഴറ്റണം. ഇവ നന്നായി മൂത്ത മണം വരുമ്പോള്‍ കോഴിയിറച്ചി ഇതിലേക്ക് ചേര്‍ത്ത നല്ലപോലെ ഇളക്കണം. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. ചിക്കന്‍ വെന്ത് ഗ്രേവി കുറുകിക്കഴിയുമ്പോള്‍ മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് അതില്‍ സവാള ചേര്‍ത്ത് നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്കിട്ട് നല്ല പോലെ കൂട്ടിയെടുക്കുക. ചാറു നല്ലപോലെ കുറുകി ഇറച്ചിയില്‍ പിടിച്ചാലേ കോഴി പെരളന്റെ സ്വാദ് പൂര്‍ണമാവൂ. ഇതിന് മുകളില്‍ അല്‍പം കറിവേപ്പിലകള്‍ കൂടിയിട്ട് ഇളക്കിയെടുക്കാം.
ചോറ്, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ ആവി പറക്കുന്ന കോഴി പെരളന്‍ കൂട്ടി നോക്കൂ.
കോഴി പെരളന്‍ പ്രഷര്‍ കുക്കറില്‍ തയ്യാറാക്കിയാല്‍ സ്വാദ് കുറയും. തീയില്‍ വച്ച് സാധാരണ രീതിയില്‍ വേവിച്ചെടുക്കുകയാണ് നല്ലത്. മണ്‍പാത്രത്തില്‍ തയ്യറാക്കിയാല്‍ കൂടുതല്‍ രുചി കൂടും. എരിവ് കൂടുതല്‍ വേണമെങ്കില്‍ ചുവന്ന മുളകിന്റെയും കുരുമുളകിന്റെയും എണ്ണം കൂട്ടുകയോ പച്ച മുളക് ഇടുകയോ ചെയ്യാം. മസാലകള്‍ വറുത്തു പൊടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.