പായസം ഇഷ്ടമില്ലാത്തവരുണ്ടോ? എല്ലാവർക്കും പായസം ഇഷ്ട്ടമാണ്. എന്നും വയ്ക്കുന്ന പായസത്തിൽ നിന്നും അല്പം വ്യത്യസ്തമായി അവൽ പായസം തയ്യറാക്കിയാലോ? വളരെക്കുറച്ച് സാധനങ്ങള്‍ മാത്രം മതി ഈ പായസം തയ്യറാക്കാൻ.
ആവശ്യമായാ ചേരുവകൾ
- അവല്‍- കപ്പ്
- ശര്‍ക്കര – 400 ഗ്രാം (ഉരുക്കിയെടുക്കുക)
- തേങ്ങയുടെ ഒന്നാം പാല്‍- ഒരു കപ്പ്
- രണ്ടാംപാല്‍ രണ്ട് കപ്പ്
- നെയ്യ് -1 ടീസ്പൂണ്‍
- ഏലയ്ക്ക- 3എണ്ണം പൊടിച്ചത്
- അണ്ടിപ്പരിപ്പ്- അഞ്ച് എണ്ണം
- ഉണക്കമുന്തിരി- പത്തെണ്ണം
- കദളിപ്പഴം -ഒന്ന് (ചെറുത്)
- തുളസിയില- മൂന്നെണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം പാത്രത്തില്‍ നെയ്യ് ചൂടാക്കി മുറിച്ചുവച്ച അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്ത് കോരി മാറ്റിവയ്ക്കുക. പിന്നീട് ഈ പാത്രത്തിലേയ്ക്കിട്ട് കുറച്ചുകൂടി നെയ്യൊഴിച്ച് അവല്‍ നന്നായി മൂപ്പിച്ചെടുക്കുക. വെളുത്ത അവലാണെങ്കില്‍ നന്നായി ചുവന്ന നിറമാകുന്നതുവരെ വറുക്കുക.
അവല്‍ പാകമാകുമ്പോള്‍ ഇതിലേയ്ക്ക് രണ്ടാം പാല്‍ ഒഴിയ്ക്കുക. പാല്‍ നന്നായി തിളയ്ക്കുമ്പോള്‍ ശര്‍ക്കര പാനിയാക്കിയത് ഇതിലേയ്ക്ക് ഒഴിയ്ക്കുക. എല്ലാകൂടി തിളച്ച് നന്നായി കുറുകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളയ്ക്കും മുമ്പേ ഇറക്കിവച്ച് ഏലയ്ക്കാപ്പൊടി, നേരത്തേ മൂപ്പിച്ച് വച്ച അണ്ടിപ്പരിപ്പ്, മുന്തിരി ഇവ ഇട്ട് ഇളക്കുക. ഒപ്പം കദളിപ്പഴം ചെറുതായി അരിഞ്ഞതും തുളസിയിലയും ചേര്‍ത്ത് ഇളക്കി തൂശനിലകൊണ്ട് അടച്ചുവെയ്ക്കുക. ചൂടാറുമ്പോള്‍ വിളമ്പാം.
തേങ്ങാപ്പാലിനും ശര്‍ക്കരയ്ക്കും പകരും പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്തും അവല്‍ പായസം ഉണ്ടാക്കാം. അവസാനം ചേര്‍ക്കുന്ന കദളിപ്പഴം പായസത്തില്‍ അലിഞ്ഞുചേരുമ്പോള്‍ രുചികൂടും, തുളസിയിലയുടെ രുചി പായസത്തിനാകെ പുതുരുചി നല്‍കും.